പാട്ടിന്റെ പാലാഴി തീർത്ത അവിർഭവിന് തങ്കത്തിളക്കം
Tuesday, August 6, 2024 2:02 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: സോണി ടിവി സൂപ്പർസ്റ്റാർ സിംഗർ സീസണ്-മൂന്നിൽ ശ്രുതിമധുരവും താളലയ നിർഭരവുമായ ഗാനങ്ങൾ ആലപിച്ച് ലോകമെന്പാടുമുള്ള ആസ്വാദകരുടെ മനം കവർന്ന് ഏഴുവയസുകാരനായ മലയാളി ബാലന്റെ മാസ്മരിക പ്രകടനം. ഇടുക്കി രാമക്കൽമേട് സ്വദേശിയും അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയുമായ എസ്.അവിർഭവും ജാർഖണ്ഡ് സ്വദേശി അഥർവ ബക്ഷിയും മത്സരത്തിൽ ഒന്നാംസ്ഥാനം പങ്കിട്ടു.
പ്രേക്ഷകരിൽ നിന്നുള്ള വോട്ടെടുപ്പിൽ അവിർഭവ് ജേതാവായപ്പോൾ വിധികർത്താക്കളുടെ തെരഞ്ഞെടുപ്പിലാണ് അഥർവ ബക്ഷി ഒന്നാംസ്ഥാനം പങ്കിട്ടത്. സമ്മാനത്തുകയായി പത്തുലക്ഷവും മൽസരത്തിലെ വിധികർത്താവായ നേഹ കക്കാർ പ്രത്യേക പുരസ്കാരമായി നല്കിയ ഒരു ലക്ഷം രൂപയും അവിർഭവിന് ലഭിച്ചു.
ഞായറാഴ്ച രാത്രിയായിരുന്നു ഫൈനൽ. 80ഓളം ഗാനങ്ങളാണ് മത്സരത്തിന്റെ ഭാഗമായി ആലപിച്ചത്. കഴിഞ്ഞ ഏഴുമാസമായി മുംബൈയിൽ നടന്നുവന്ന മൽസരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി 15 പേരാണ് മാറ്റുരച്ചത്.
ഒന്പതുപേർ ഫൈനൽ റൗണ്ടിലെത്തി. ശനി, ഞായർ ദിവസങ്ങളിലായി നടന്നുവന്ന ഷോ ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ(ടിആർപി) റിക്കാർഡ് സൃഷ്ടിച്ചിരുന്നു. മത്സരത്തിലെ പ്രകടനത്തിലൂടെ അവിർഭവ് ഫേസ് ഓഫ് ദ ഷോയായി മാറുകയും ചെയ്തു.
നേരത്തേ ഫ്ളവേഴ്സ് ചാനലിലെ ടോപ്സിംഗർ മൽസരത്തിൽ പങ്കെടുത്തിരുന്നെങ്കിലും പിതാവിന് ജോലി സംബന്ധമായി സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്നു പാതിവഴിയിൽ മൽസരത്തിൽനിന്ന് അവിർഭവ് പിൻമാറുകയായിരുന്നു.
സഹോദരിയും നായത്തോട് എംജിഎം എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിനിയുമായ അനിർവിന്യയാണ് സോണി ടിവി സൂപ്പർസ്റ്റാർ സിംഗർ സീസണ്-മൂന്നിൽ പങ്കെടുക്കുന്നതിന് അവിർഭവിന് പ്രചോദനമായത്.
ഓഡീഷൻ റൗണ്ട ിൽ ആലപിക്കുന്നതിനുള്ള ഗാനങ്ങൾ തെരഞ്ഞെടുക്കുന്നതിനും ഇവ പരിശീലിപ്പിക്കുന്നതിനും 2018-ൽ സിടിവിയിലെ തെലുങ്ക് മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപയിൽ റണ്ണറപ്പായിരുന്ന അനിർവിന്യയുടെ നിർലോഭമായ പിന്തുണയും ലഭിച്ചു.
മൽസരത്തിൽ ചേച്ചിയോടൊപ്പം പങ്കെടുത്ത അവിർഭവ് എന്റർടെയിനർ അവാർഡും നേടി. ഒന്നര വയസുമുതൽ അവിർഭവ് സംഗീതം അഭ്യസിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ ആനന്ദ് കാവുംവട്ടമാണ് ഗുരു.
നേരിട്ടും ഓണ്ലൈൻ വഴിയുമാണ് പഠനം. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലുള്ള പാട്ടുകൾ അവിർഭവ് നിഷ്പ്രയാസം ആലപിക്കും. പഴയ സിനിമാഗാനങ്ങളോടാണ് കൂടുതൽ ഇഷ്ടം. മുഹമ്മദ് റഫിയും അർജിത് സിംഗുമാണ് ഇഷ്ടഗായകർ. മികച്ച ഗായകനാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവിർഭവ് ദീപികയോടു പറഞ്ഞു.
രാമക്കൽമേട് ബാലൻപിള്ളസിറ്റി കപ്പിത്താൻപറന്പിൽ കെ.എസ്. സജിമോന്റെയും (കെ-ഫോണ് സൈറ്റ് എൻജിനിയർ) കുമളി അമരാവതി പനങ്കരയിൽ പി.എൻ. സന്ധ്യയുടെയും മകനാണ്. നേരത്തേ ജോലിസംബന്ധമായി തമിഴ്നാട്ടിലായിരുന്ന കുടുംബം കഴിഞ്ഞ മൂന്നു വർഷമായി അങ്കമാലിയിലാണ് സ്ഥിരതാമസം.