ഡോ. വന്ദനദാസ് കൊലപാതക കേസ്: വിചാരണ സെപ്റ്റംബർ ഒന്പതു മുതൽ
Tuesday, August 6, 2024 2:02 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദനദാസ് വധക്കേസിൽ സാക്ഷിവിസ്താരം സെപ്റ്റംബർ ഒമ്പതു മുതൽ ആരംഭിക്കാൻ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു. കേസിലെ ആദ്യ 50 സാക്ഷികളെയാണ് ഒന്നാം ഘട്ടത്തിൽ വിസ്തരിക്കുന്നത്.
ഒന്നാം സാക്ഷി, സംഭവസമയത്ത് വന്ദനയോടൊപ്പം ജോലി ചെയ്ത ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യദിനം വിസ്തരിക്കുക. സംസ്ഥാനത്തെ മറ്റു കൊലപാതക കേസുകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളായ കേസ് എന്ന പ്രത്യേകയും ഈ കേസിനുണ്ട്.
വിവിധ തലങ്ങളിലായുള്ള 34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷികളാക്കിയിട്ടുള്ളത്. ആശുപത്രിയിൽ സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിങ്ങനെ ആരോഗ്യ രംഗത്തു നിന്നുമുള്ള മറ്റുള്ളവരെയും പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിക്കാൻ ഹാജരാക്കിയ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതികൾ തള്ളിക്കളഞ്ഞതിനെ തുടർന്ന് നിലവിൽ വിചാരണത്തടവുകാരനായി കഴിഞ്ഞുവരികയാണ്. കേസിൽ പ്രോസിക്യുഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.