തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിന് വീണ്ടും അംഗീകാരം
Tuesday, August 6, 2024 2:01 AM IST
തിരുവനന്തപുരം: പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തുടർച്ചയായി മികവു പുലർത്തുന്ന തിരുവനന്തപുരം മാർ ഈവാനിയോസ് ഓട്ടോണമസ് കോളജിന് മറ്റൊരു അംഗീകാരം കൂടി. നാക് അക്രഡിറ്റേഷൻ എ പ്ലസ് പ്ലസ് നേട്ടമാണ് ഇക്കുറി മാർ ഈവാനിയോസിനെ തേടിയെത്തിയത്.
3.56 സ്കോറോടെയാണ് കോളജ് നാക് അക്രഡിറ്റേഷൻ എ പ്ലസ് പ്ലസിൽ ഇടംപിടിച്ചത്. യുജിസി അംഗീകാരമുള്ള നാക് റേറ്റിംഗിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയാണിത്. 3.51 മുതൽ നാലു വരെ സ്കോർ നേടുന്ന സ്ഥാപനങ്ങൾക്കാണ് എ പ്ലസ് പ്ലസ് പദവി ലഭിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് കേരള സർവകലാശാലയ്ക്ക് ഈ പദവി ഉണ്ട്. ഫിഫ്ത്ത് സൈക്കിളിൽ മാർ ഈവാനിയോസ് കോളജാണ് എ പ്ലസ് പ്ലസ് പദവി നേടുന്ന ആദ്യത്തെ സ്ഥാപനം.
ദേശീയ തലത്തിലുള്ള എൻഐആർഎഫ് റാങ്കിംഗിൽ മാർ ഈവാനിയോസ് കോളജിന് ഇപ്പോൾ 45-ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ ആറു വർഷമായി ആദ്യ 50 റാങ്കിൽ ഇടം പിടിക്കാൻ കഴിഞ്ഞ കോളജ് എന്ന നേട്ടവും ഈവാനിയോസ് കരസ്ഥമാക്കിയിരുന്നു. പാഠ്യ പദ്ധതി, ബോധനരീതി, ഗവേഷണം, അടിസ്ഥാനസൗകര്യം, വിദ്യാർഥികളുടെ പഠനപുരോഗതി, കോളജ് നടത്തിപ്പ്, അനുകരണീയ മാതൃകകൾ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി സ്ഥാപനത്തിന്റെ പ്രകടനം ഓരോ വർഷവും വിലയിരുത്തിയാണ് ഏഴു പോയിന്റ് സ്കെയിലിൽ ഗ്രേഡ് നിർണയിക്കുന്നത്.
1949ൽ ദൈവദാസൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ മാർഗനിർദേശപ്രകാരം സ്ഥാപിതമായ മാർ ഈവാനിയോസ് കോളജ് ഉന്നത വിദ്യാഭ്യാസ രംഗത്ത് തലസ്ഥാനത്തിന്റെ തിലകക്കുറിയാണ്. ആയിരക്കണക്കിനു വിദ്യാർഥികൾക്ക് അറിവിന്റെ മാർഗദീപം പകർന്നു നല്കിയ കലാലയത്തിൽ ആറു വിഷയങ്ങളിൽ ഗവേഷണങ്ങൾ ഉൾപ്പെടെ നടത്തുന്നു.
ബിരുദ വിഭാഗത്തിൽ എയ്ഡഡ് കോഴ്സുകളായി 11 എണ്ണവും സെൽഫ് ഫിനാൻസിംഗ് കോഴ്സുകളായി ഏഴെണ്ണവുമുണ്ട്. ബിരുദാനന്തര ബിരുദത്തിൽ ഒന്പത് വിഭാഗങ്ങളാണ് ഈ കലാലയത്തിലുള്ളത്. 2014ൽ ഓട്ടോണമസ് പദവി ലഭിച്ച് മാർ ഈവാനിയോസ് കോളജ് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഒരേപോലെ മികവ് തെളിയിക്കുന്നു.
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള കോളജിന്റെ രക്ഷാധികാരിയും മാനേജരും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ്. ഡോ. മീര ജോർജാണ് കോളജ് പ്രിൻസിപ്പൽ. ബർസാർ ഫാ. തോമസ് കയ്യാലക്കൽ.