തമിഴ്നാട് സ്വദേശി വെട്ടേറ്റു മരിച്ചു
Tuesday, August 6, 2024 2:01 AM IST
തുറവൂർ (ആലപ്പുഴ): കടത്തിണ്ണയിൽ ഉറങ്ങുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് തമിഴ്നാട് സ്വദേശി വെട്ടേറ്റു മരിച്ചു.
തമിഴ്നാട് വിരുതാചലം സാത്തുകുടൽമിഡിൽ സ്ട്രീറ്റിൽ പളനിവേൽ പൊന്നുസ്വാമി (51) ആണ് വെട്ടേറ്റ് മരിച്ചത്. തുറവൂർ മഹാക്ഷേത്രത്തിന് വടക്ക് വശത്ത് ഇന്നലെ രാത്രി 7.40നാണ് കൊലപാതകം നടന്നത്.
ഇവിടെയുള്ള ഒരു കടയുടെ തിണ്ണയിൽ പളനിവേൽ സ്ഥിരമായി കിടന്നുറങ്ങുമായിരുന്നു. ഇന്നലെ രാത്രി ഇദ്ദേഹം പതിവുപോലെ ഉറങ്ങാൻ വന്നപ്പോൾ തെങ്ങുകയറ്റ തൊഴിലാളിയായ തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പുത്തൻതറ ഉണ്ണികൃഷ്ണൻ (43) മദ്യപിച്ച് അവിടെ കിടക്കുകയായിരുന്നു.
പളനിവേൽ പൊന്നുസ്വാമി താൻ കിടക്കുന്ന സ്ഥലത്തുനിന്ന് ഉണ്ണികൃഷ്ണനോടു മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും കൈയ്യിൽ കരുതിയ വാൾ എടുത്ത് ഉണ്ണിഷ്ണൻ പളനിവേലിനെ വെട്ടുകയുമായിരുന്നു. പ്രതി ഉണ്ണികൃഷ്ണനെ കുത്തിയതോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.