രക്ഷാദൗത്യം കഴിഞ്ഞെത്തിയ സംഘം ഒഴുക്കിൽപ്പെട്ടു
Monday, August 5, 2024 2:42 AM IST
എടക്കര (മലപ്പുറം): ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ ചെറു വള്ളം ചാലിയാര്‍ പുഴ കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു. അഞ്ഞൂറ് മീറ്ററോളം പുഴയിലൂടെ ഒഴുകിയ സംഘത്തെ അതിസാഹസികമായി രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കു കയറ്റി. ഇരുട്ടുകുത്തി കടവില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
സൂചിപ്പാറ വനമേഖലയിലേക്കു തെരച്ചിലിനായി രാവിലെ പോയ ഒരു സംഘത്തില്‍പെട്ട രക്ഷാപ്രവര്‍ത്തകരാണ് തിരികെ ഇരുട്ടുകുത്തിയില്‍ ചാലിയാര്‍ മുറിച്ച് കടക്കുമ്പോള്‍ ഒഴുക്കില്‍പെട്ടത്. നിയന്ത്രണംവിട്ട ചെറുവള്ളം അഞ്ഞൂറ് മീറ്ററിലേറെ പുഴയിലൂടെ താഴേക്ക് ഒലിച്ചുപോയി. ഉടന്‍തന്നെ കരയിലുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ പുഴയിലിറങ്ങി ചെറുവള്ളത്തിൽനിന്ന് ഇട്ട കയര്‍ പിടിച്ച് സംഘത്തെ കരയ്ക്കടുപ്പിക്കുകയായിരുന്നു.
ചെറുവള്ളം നിയന്ത്രണം വിട്ടതോടെ അതിലുണ്ടായിരുന്നവര്‍ ഭയന്നു. ചാലിയാറില്‍ വെള്ളം കുറഞ്ഞെങ്കിലും ശക്തമായ ഒഴുക്കാണുണ്ടായിരുന്നത്.