മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
Monday, August 5, 2024 2:42 AM IST
കോഴിക്കോട്: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു. തെരച്ചിലിനു വേണ്ട ഇടപെടലുകൾ നടത്തുമെന്നു മുഖ്യമന്ത്രി അർജുന്റെ കുടുംബത്തെ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണു മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്താൻ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അർജുന്റെ സഹോദരി പറഞ്ഞു.
അർജുനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ അമ്മ മുഖ്യമന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു. അതിനിടെ അർജുനുവേണ്ടിയുള്ള തെരച്ചിൽ പ്രതിസന്ധിയിലാണെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോടു പ്രതികരിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവാലി നദിയിൽ തെരച്ചിലിന് ഇറങ്ങാൻ തയാറായെങ്കിലും അധികൃതർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് അവർ ആരോപിച്ചു.
ഷിരൂരിൽ ഇപ്പോൾ തെരച്ചിൽ നടക്കുന്നില്ല. ഈശ്വർ മാൽപെ സ്വന്തം റിസ്കിൽ ഇറങ്ങാൻ വേണ്ടി വന്നതായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേരിൽ എഫ്ഐആർ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ തിരികെ പോയെന്നാണ് ഭർത്താവ് ജിതിൻ അവിടെനിന്നു അറിയിച്ചതെന്ന് അഞ്ജു പറഞ്ഞു.