ദുബായ് വിമാനം റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു
Monday, August 5, 2024 2:42 AM IST
നെടുമ്പാശേരി: ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാർ വലഞ്ഞു. യാത്രക്കാർ ഒന്പത് മണിക്കൂറിലേറെ വിമാനത്താവളത്തിൽ കാത്തിരുന്ന ശേഷമാണ് വിമാനം റദ്ദാക്കിയത്. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാവിലെ 7.30 ഓടെ റദ്ദാക്കിയതായി അറിയിച്ചത്. ഇതോടെ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. പോലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.
രാജ്യാന്തര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുന്പേ റിപ്പോർട്ട് ചെയ്യണമെന്നതിനാൽ 8.30 ഓടെ വിമാനത്താവളത്തിൽ എത്തിയവരാണ് പലരും. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി വിവരങ്ങൾ നൽകിയില്ലെന്നും ആക്ഷേപമുണ്ട്. നൂറിലധികം പേരാണ് ഈ വിമാനത്തിൽ പുറപ്പെടാൻ എത്തിയിരുന്നത്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും യാത്ര മുടങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
സാങ്കേതികപ്രശ്നമാണു വിമാനം റദ്ദാക്കാൻ കാരണമെന്നാണ് സ്പൈസ് ജെറ്റ് അധികൃതരുടെ വിശദീകരണം. മറ്റൊരു വിമാനത്തിൽ യാത്രയ്ക്കുള്ള സൗകര്യമൊരുക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാൻ ഏഴു ദിവസമെടുക്കും.