വയനാട് ഉരുൾപൊട്ടൽ: വിവരശേഖരണ ചുമതല തദ്ദേശ വകുപ്പിന്
സ്വന്തം ലേഖകൻ
Monday, August 5, 2024 2:28 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടക്കണക്ക് തയാറാക്കൽ അടക്കമുള്ള പ്രവർത്തനങ്ങളുടെ ഏകോപന ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനു നൽകി. ദുരന്തം തകർത്തെറിഞ്ഞ മുണ്ടക്കൈ-ചൂരൽമല മേഖലയിൽനിന്നു കാണാതായവരെക്കുറിച്ചുള്ള വിവര ശേഖരണം, പട്ടിക തയാറാക്കൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപനം, മാലിന്യ പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ വിവിധ ചുമതലകളും തദ്ദേശ വകുപ്പിനെ ഏൽപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിയതിനാൽ വിവരശേഖരണ ഏകോപനം സാധ്യമായിരുന്നില്ല.
ദുരന്തം നേരിട്ട പ്രദേശങ്ങളിലെ നാശനഷ്ടങ്ങളുടെ പ്രാഥമിക വിവരശേഖരണം പോലും അതീവ ദുഷ്കരമാണെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ദുരന്തത്തിൽ തകർന്ന വീടുകൾ അടക്കമുള്ളവയുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പക്കലാണുള്ളത്. വയനാട് കളക്ടറേറ്റിലും റവന്യു ഓഫീസുകളിലും ദുരന്ത രക്ഷാപ്രവർത്തനം നടക്കുന്ന മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുമായി ആയിരത്തോളം സർക്കാർ ജീവനക്കാരാണ് ജോലി നോക്കുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനത്തിലും മൃതദേഹങ്ങളുടെ സംസ്കരണത്തിലും വകുപ്പിന് പങ്കാളിത്തമുണ്ട്.
ക്യാന്പുകളുടെ വിശദ വിവരങ്ങൾ കണ്ട്രോൾ റൂമിൽ ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരെ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
പഞ്ചായത്തിനൊപ്പം തിതല പഞ്ചായത്ത് ജീവനക്കാരുടെ സേവനവും ഉറപ്പാക്കും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലാണ് ഉരുൾപൊട്ടൽ സാരമായി ബാധിച്ചത്. ഈ മേഖലയിൽ 1721 വീടുകളിലായി 4833 പേർ ഉണ്ടായിരുന്നതായാണ് കണക്ക്.
പത്താം വാർഡായ അട്ടമലയിൽ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാം വാർഡായ മുണ്ടക്കൈയിൽ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാർഡായ ചൂരൽമലയിൽ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നതെന്നാണ് മേപ്പാടി പഞ്ചായത്ത് തദ്ദേശ വകുപ്പിനെ അറിയിച്ചിട്ടുള്ളത്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് തുടർ വിവരശേഖരണ നടപടിയിലേക്കു കടക്കുന്നത്.
മൃതദേഹ ഭാഗങ്ങള്‍ നിലമ്പൂരില്‍ സംസ്കരിക്കും
നിലമ്പൂര്‍: മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിലമ്പൂരില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ഇത്തരത്തില്‍ മറവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലമ്പൂര്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള കത്ത് മലപ്പുറം കളക്ടറേറ്റില്‍നിന്ന് നഗരസഭാ സെക്രട്ടറിക്ക് ലഭിച്ചു.
അതനുസരിച്ച് മൃതദേഹ ഭാഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ 72 മണിക്കൂര്‍ സൂക്ഷിക്കേണ്ടിവന്നാല്‍ നിലമ്പൂരില്‍തന്നെ സംസ്കരിക്കും. എന്നാല്‍ തിരിച്ചറിയേണ്ട ആവശ്യത്തിന് നിലവില്‍ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വയനാട്ടിലേക്കാണ് കൊണ്ടുപോകുന്നത്.
അവശ്യവസ്തുക്കളുടെ നീക്കം സുതാര്യമാക്കാൻ സോഫ്റ്റ്വേർ
കൽപ്പറ്റ: വയനാട് ദുരിതബാധിതർക്കായി ശേഖരിക്കുന്ന സാധന സാമഗ്രികൾ ശരിയായ കൈകളിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇആർപി (എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സോഫ്റ്റ്വേറിന്റെ സഹായം.
സമാഹരണ കേന്ദ്രങ്ങളിലേക്കെത്തുന്ന സാധനങ്ങളുടെ ഇൻപുട്ട് വിവരങ്ങളും ക്യാന്പുകളിലേക്കുള്ള വിതരണത്തിന്റെ ഔട്ട്പുട്ട് വിവരങ്ങളും ഈ സോഫ്റ്റ്വേർ മുഖേന കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലാണ് സാധന സാമഗ്രികളുടെ കേന്ദ്രീകൃത സംഭരണ കേന്ദ്രം. ഇവിടെയാണ് ഇൻപുട്ട് രേഖപ്പെടുത്തുന്നത്. സോഫ്റ്റ്വേർ മുഖേന കളക്ഷൻ സെന്ററിലേക്ക് ആവശ്യമായവ മനസിലാക്കി എത്തിക്കാൻ കഴിയും.
മുഴുവൻ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോർട്ട്, അത്യാവശ്യ സാധനങ്ങൾ, സ്റ്റോക്ക് കുറവുള്ള സാധനങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇതിൽനിന്നും അറിയാം. വിതരണകേന്ദ്രത്തിലെ സുതാര്യത ഉറപ്പാക്കുന്നതോടെ വസ്തുക്കൾ പാഴാകാതെ ക്യാന്പുകളിലെ ആവശ്യാനുസരണം വേഗത്തിൽ എത്തിക്കാൻ കഴിയും. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫെയർകോഡ് ഐടി കന്പനിയാണ് സോഫ്റ്റ്വേർ സജ്ജമാക്കിയത്. രജിത്ത് രാമചന്ദ്രൻ, സി.എസ്. ഷിയാസ്, നിപുണ്‍ പരമേശ്വരൻ, നകുൽ പി. കുമാർ, ആർ. ശ്രീദർശൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.