മനുഷ്യത്വം സേനകളുടെ മുഖമുദ്ര: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Monday, August 5, 2024 2:28 AM IST
തൃശൂർ: ദുരന്തമുഖങ്ങളിൽ മനുഷ്യസ്നേഹത്തിന്റെ ഊഷ്മളത കാത്തുസൂഷിക്കുകയെന്ന ഉത്തരവാദിത്വം കേരള പോലീസിന്റെ ഭാഗമാകുന്ന ഓരോ സേനാംഗത്തിനുമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വയനാട്ടിലെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ദൃഢനിശ്ചയത്തോടെയാണു പോലീസും ഫയർഫോഴ്സും സൈന്യവും ദുരന്തനിവാരണസേനയുമെല്ലാം മുഴുകിയിരിക്കുന്നത്. കേരള പോലീസിന് അഭിമാനിക്കാവുന്ന ഒട്ടേറെ ഏടുകൾ ദുരന്തമുഖത്തു കാണാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേരള ആംഡ് വനിത പോലീസ് ബറ്റാലിയൻ 19 ബി ബാച്ചിലെ 187 വനിത പോലീസ് സേനാംഗങ്ങളുടെയും, മലപ്പുറം എംഎസ് പി ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 26ാമത് ബാച്ചിലെ 223 പുരുഷ പോലീസ് സേനാംഗങ്ങളുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവൻ പണയപ്പെടുത്തിയാണു ദുരന്തമുഖത്ത് കേരള പോലീസ് രക്ഷാദൗത്യങ്ങൾ ഏറ്റെടുത്തത്. പ്രളയകാലത്തും കോവിഡ് കാലത്തും പോലീസിന്റെ കരുതൽ കേരളം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്) എ.യു. സുനിൽകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ആംഡ് വനിത പോലീസ് ബറ്റാലിയൻ 19 ബി ബാച്ചിൽ ബെസ്റ്റ് ഇൻഡോർ പെർഫോമറായി ആർ. രജിത, ബസ്റ്റ് ഔട്ട്ഡോർ പെർഫോമറായി ടി. ലിഖിത, ബെസ്റ്റ് ഷൂട്ടറായി ആൻമേരി ചിക്കു, ഓൾറൗണ്ടറായി വി.എസ്. ശരണ്യ എന്നിവരെ തെരഞ്ഞെടുത്തു. എംഎസ് പി ബറ്റാലിയനിൽ ബെസ്റ്റ് ഇൻഡോർ പെർഫോമറായി കെ.വി അശ്വിൻ രാജ്, ബസ്റ്റ് ഔട്ട്ഡോർ പെർഫോമറായി എ.ജി. അഭിജിത്ത്, ബെസ്റ്റ് ഷൂട്ടറായി എം. ഹരിൻ, ഓൾറൗണ്ടറായി എ.ജി. അഭിജിത്ത് എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, എഡിജിപി ആൻഡ് ഡയറക്ടർ കേരള പോലീസ് അക്കാദമി പി. വിജയൻ, തൃശൂർ റേഞ്ച് ഡിഐജി അജിതാ ബീഗം, കേരള ആംഡ് വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു.
തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പരിശീലനാർത്ഥികളുടെ ബന്ധുമിത്രാദികളും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
കേരള ആംഡ് വനിത ബറ്റാലിയനിൽ പ്ലസ് ടു യോഗ്യതയുള്ള 10 പേരും ബിരുദം നേടിയ 100 പേരും ബിരുദാനന്തര ബിരുദം നേടിയ 48 പേരും ഡിപ്ലോമ 4, ബി.എഡ് 3, ബിടെക് 17, എംടെക് 3, എംബിഎ, എംഫിൽ ബിരുദക്കാരായ ഒരാളും ഉൾപ്പെടുന്നു. എംഎസ് പി ബറ്റാലിയനിൽ പ്ലസ് ടു യോഗ്യതയുള്ള 43 പേരും ബിരുദം നേടിയ 125 പേരും ബിരുദാനന്തര ബിരുദം നേടിയ 17 പേരും ഡിപ്ലോമ 16, ഐടിഐ 5, ബിടെക് 5, എംബിഎ ബിരുദം നേടിയ രണ്ടുപേരും ഉൾപ്പെടുന്നു.