മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ: മന്ത്രി ജി.ആർ. അനിൽ
Sunday, August 4, 2024 2:12 AM IST
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്.
ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.