വയനാട്: വീടു നിർമിച്ചു നൽകാൻ നിരവധി പേർ
Sunday, August 4, 2024 2:12 AM IST
തിരുവനന്തപുരം: ദുരന്തബാധിത ചൂരൽമലയിൽ നഷ്ടമായ വീടുകൾക്ക് പകരമായി പുതിയ വീടുകൾ നിർമിച്ചു നൽകാൻ ധാരാളം പേർ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്. വി.ഡി. സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതിൽ ഉൾപ്പെടും.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിച്ചു നൽകും. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ നിർമിച്ചു നൽകും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ട്. വേൾഡ് മലയാളി കൗണ്‍സിൽ 14 വീടുകൾ നിർമിച്ചു നൽകും.
ലൈബ്രറി കൗണ്‍സിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സിൽ ഭാരവാഹികളുടെ ഓണറേറിയവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയൻമാരുടെ അലവൻസിൽ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റിൽ നിന്നുള്ള വിഹിതവും ചേർത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ദുരിത ബാധിത കുടുംബങ്ങൾക്കായി 150 ഭവനങ്ങൾ നിർമിച്ചു നൽകുകയോ അല്ലെങ്കിൽ അതിന്റെ തുക സർക്കാരിനു നൽകുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി 10 ഏക്കർ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതൽ 15 വരെ കുടുംബങ്ങൾക്ക് നൽകാൻ സന്നദ്ധത അറിയിച്ചു.
കാന്തപുരം എപി അബൂബക്കർ മുസ് ലിയാർ ദുരിത ബാധിതർക്ക് വീടുകൾ വെച്ചുനൽകാൻ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവർത്തനം തീരുന്ന മുറയ്ക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചു.