വയനാട് ദുരന്തം: 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ്
Sunday, August 4, 2024 2:12 AM IST
കോഴിക്കോട്: പ്രകൃതി ദുരന്തമുണ്ടായ വയനാട്ടില്‍ കോണ്‍ഗ്രസ് നൂറ് വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതനുസരിച്ച് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു.
സര്‍ക്കാര്‍ ഭൂമി നല്കിയാല് അതില്‍ വീട് നിര്‍മിച്ച് നല്‍കും. ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ സ്ഥലം കണ്ടെത്തി വീട് നിർമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനുവേണ്ടി സാധ്യമായ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും അവലംബിക്കും.
അടുത്ത ഘട്ടത്തില്‍ പുനരധിവാസമാണ്. ദുരന്തഭൂമിയിലേക്ക് അവരെ മടക്കി വിടാന്‍ പറ്റില്ല. അവര്‍ക്കുവേണ്ടി സ്ഥലം കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കണം. വീട് നിര്‍മിക്കുന്നതുവരെ അവര്‍ക്ക് വാടക വീടുകള്‍ കണ്ടെത്തണം. വാടകയും നല്‍കണം. ഇപ്പോള്‍ കാട്ടുന്ന ഉത്സാഹം കെട്ടുപോകാതെ ഇതൊക്കെ ചെയ്യണം. പുത്തുമലയിലും കവളപ്പാറയിലും സംഭവിച്ചത് ഇവിടെ സംഭവിക്കരുതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും ലോക്സഭയിലും ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭയിലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് മനസിലാകുന്നില്ല. സഹായം നല്കാന് സമയമായില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതിനോട് യോജിക്കാനാകില്ല.
അവര്‍ രാഷ്ട്രീയം കലര്‍ത്താനാണ് ശ്രമിക്കുന്നത്.ഇപ്പോള്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള സമയമല്ല. അതേക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റുന്ന സമയമല്ല. സര്‍ക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതേക്കുറിച്ച് പിന്നീട് പറയാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്തതായി സിപിഎം ഹാന്‍ഡിലുകളില്‍ പ്രചാരണമുണ്ടായി. അതിനെതിരേ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
2018ലെ പ്രളയത്തിലുണ്ടായ ദുരനുഭവമാണ് ദുരിതാശ്വാസ നിധിക്കെതിരേ പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അങ്ങനെ പറയുന്നവരെ അറസ്റ്റ് ചെയ്തിട്ട് കാര്യമില്ല. ദുരിതാശ്വാസ നിധി സംബന്ധിച്ച് സര്‍ക്കാര്‍ കുറച്ചു കൂടി വ്യക്തത വരുത്തുകയാണ് വേണ്ടത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന പണം പ്രത്യേക അക്കൗണ്ടിലായിരിക്കുമെന്നും എത്ര തുക കിട്ടിയെന്നും എത്ര തുക ചെലവഴിച്ചെന്നും വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മതി.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയും വി.എം. സുധീരനും ഉള്‍പ്പെടെ ഞങ്ങളുടെ പാര്‍ട്ടിയിലെ എത്രയോ പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ആലോചിച്ച് എല്ലാവരും ഒന്നിച്ച് പണം നല്‍കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ശമ്പളം നല്‍കുന്നത് പ്രതീകാത്മകമാണ്.
അത് മറ്റുള്ളവരെ കൊടുക്കാന്‍ പ്രേരിപ്പിക്കലാണ്. എന്തുതരത്തിലുള്ള സഹായവും നല്കാന് തയാറാണെന്നും പ്രതീക്ഷ നേതാവ് വ്യക്തമാക്കി.