സൂചിപ്പാറ വനമേഖലയില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ നാവികസേന രക്ഷപ്പെടുത്തി
Sunday, August 4, 2024 2:12 AM IST
എടക്കര (മലപ്പുറം): മുണ്ടക്കൈ ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ നടത്തിയ മൂന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പാറ വനമേഖലയില്‍ കുടുങ്ങി. വയനാട്ടില്‍ നിന്നുള്ള സംഘവും നാവികസേനയും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശികളായ കൊരമ്പയില്‍ റഹീസ്, കിഴക്കേപറമ്പന്‍ സാലീം, കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി മുണ്ടശേരി ചിറയില്‍ മുഹസിന് എന്നിവരാണ് വയനാട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ കുടുങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂവര്‍ സംഘം തലപ്പാലിയില്നിന്നു ചാലിയാര്‍ പുഴയിലൂടെ തെരച്ചിലിനു പേയത്.
ഈ ഭാഗത്തേക്ക് വെള്ളിയാഴ്ച പോലീസ്, വനം സേനകള്‍ തെരച്ചിലിന് പോയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയാതെയാണ് ഇവര്‍ പോയത്. വൈകുന്നേരത്തോടെ സംഘം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമെത്തി. ഇവിടെ നിന്നു മേപ്പാടിയിലേക്ക് കയറന് ഇവര്‍ ശ്രമം നടത്തിയെങ്കിലും അതിദുര്‍ഘടവും വലിയ പാറക്കൂട്ടങ്ങള്‍ നിറഞ്ഞതും കുത്തൊഴുക്കുള്ളതുമായ പുഴയും ചെങ്കുത്തായ വനമേഖലയും താണ്ടാന്‍ ഇവര്‍ക്കായില്ല.
യാത്രയ്ക്കിടയില്‍ വീണ് മുണ്ടേരി സ്വദേശിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതായതോടെ ഇവര്‍ ക്ഷീണിതരാവുകയും ചെയ്തു. ഇരുട്ടായതോടെ മൂന്ന് പേരും സുരക്ഷിതസ്ഥാനത്ത് അഭയം പ്രാപിച്ചു. തോരാമഴയില്‍ വിറങ്ങലിച്ച് ഉറക്കമൊഴിച്ച് സംഘം രാത്രി മുഴുവന്‍ സൂചിപ്പാറയില്‍ കഴിഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് പോയ ഇവരെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് വെള്ളിയാഴ്ച ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചത്. ഇതിനിടെ മേപ്പാടിയില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പാറയില്‍ തെരച്ചിലിനെത്തിയപ്പോള്‍ അപകടത്തിലായ സംഘത്തെ കണ്ടെത്തി.
ഒരാള്‍ കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. മറ്റ് രണ്ട് പേരെ എയര്‍ ലിഫ്റ്റ് ചെയ്ത് വയനാട് വിംസ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. വനംവകുപ്പിന്റെ നിര്‍ദേശമില്ലാതെയാണ് യുവാക്കള്‍ ഇവിടേക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്.