സീറോമലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി 22 മുതൽ 25 വരെ പാലായിൽ
Sunday, August 4, 2024 1:34 AM IST
കോട്ടയം: സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ഈമാസം 22 മുതൽ 25 വരെ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. “കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാർ സഭയിൽ’’ എന്നതാണ് അഞ്ചാമത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ സന്ദേശം.
ഇതിനെ അടിസ്ഥാനമാക്കി വിശ്വാസ രൂപീകരണത്തിന്റെ നവീകരണം, സുവിശേഷ പ്രഘോഷണത്തിലെ അല്മായ പങ്കാളിത്തം, സീറോമലബാർ സമുദായ ശക്തീകരണം എന്നീ മൂന്നു വിഷയങ്ങൾ അസംബ്ലിയുടെ പ്രത്യേക വിചിന്തനത്തിന് വിഷയമാകും.
2016നുശേഷം എട്ടു വർഷം പിന്നിടുന്പോഴാണ് ഈ വർഷം അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് 2021ൽ നടക്കേണ്ടിയിരുന്ന അസംബ്ലി വൈകാനിടയാക്കിയത്.
അസംബ്ലിയുടെ വിജയകരമായ നടത്തിപ്പിനായി കണ്വീനർ മാർ പോളി കണ്ണൂക്കാടന്റെയും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
വത്തിക്കാന്റെ അംഗീകാരത്തോടെ നടത്തിയ ഭേദഗതിപ്രകാരം ഇത്തവണ 80 വയസിൽ താഴെയുള്ള മെത്രാന്മാരും വൈദിക, സമർപ്പിത, അല്മായ പ്രതിനിധികളുമടങ്ങിയ 360 അംഗങ്ങളാണ് അസംബ്ലിയിൽ പങ്കെടുക്കുക.
മേജർ ആർച്ച്ബിഷപ് അധ്യക്ഷനായുള്ള സഭ മുഴുവന്റെയും ആലോചനായോഗമാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി അഥവാ സഭായോഗം. സഭയിലെ മെത്രാന്മാരുടെയും വൈദിക, സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമാണിത്.
സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുന്പോൾ മേജർ ആർച്ച്ബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാൻ വേണ്ടിയുള്ള ആലോചനായോഗമാണിത്.
കാലോചിതമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്ത് കർമപരിപാടികൾ രൂപീകരിക്കുന്നതിന് മെത്രാൻസിനഡിനെ സഹായിക്കുകയും ചെയ്യുകയെന്നതാണ് അസംബ്ലിയുടെ ദൗത്യം.
അഞ്ചു വർഷത്തിൽ ഒരിക്കൽ അസംബ്ലി വിളിച്ചുചേർക്കണമെന്നാണ് സഭാനിയമം. 1992ൽ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടക്കുന്നത് 1998ലാണ്. പിന്നീട് 2004, 2010, 2016 എന്നീ വർഷങ്ങളിലും സഭാ അസംബ്ലി നടന്നു.