കരുണയുടെ കരങ്ങളുമായി എകെസിസി
Sunday, August 4, 2024 1:34 AM IST
കൽപ്പറ്റ: ദുരന്തബാധിതർക്കിടയിൽ കരുണയുടെ കരങ്ങളുമായി എകെസിസി മാനന്തവാടി രൂപത സമിതി. മേപ്പാടി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലാണ് എകെസിസിയുടെ സേവനം. ഉരുൾ പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽനിന്നു രക്ഷപ്പെടുത്തിയതിൽ 300ൽപരം ആളുകളാണ് ഈ ക്യാന്പിൽ.
നെഞ്ചകം നിറയെ വ്യഥയുമായി ക്യാന്പിൽ കഴിയുന്നവർക്കു ഭക്ഷണം വച്ചും വിളന്പിയുമാണ് എകെസിസിയുടെ ദുരിതാശ്വാസം. ക്യാന്പിൽ ഇന്നലെയും ഇന്നും ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ഉത്തരവാദിത്വമാണ് എകെസിസി ഏറ്റെടുത്തത്.
സ്ത്രീകൾ അടക്കം എകെസിസിയിലെ 40 പേരാണ് ദുരിതാശ്വാസ ക്യാന്പിൽ സേവനം ചെയ്യുന്നത്. കെസിവൈഎം, മിഷൻ ലീഗ് പ്രവർത്തകരായ ഇരുപതോളം പേർ ഇവരുമായി സഹകരിക്കുന്നുണ്ട്.
എകെസിസി ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റ് ഡോ. കെ.പി. സാജു, രൂപത ഡയറക്ടർ ഫാ. ജോബിൻ മുക്കാട്ടുകാവുങ്കൽ, പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ, സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, വൈസ് പ്രസിഡന്റ് ലൗലി ജോസഫ്, നടവയൽ ഫൊറോന സെക്രട്ടറി സജി ഇരട്ടമുണ്ടയ്ക്കൽ, നടവയൽ യൂണിറ്റ് സെക്രട്ടറി സ്മിത ലിജോ, കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ, മിഷൻ ലീഗ് രൂപത പ്രസിഡന്റ് ബിനീഷ് തുന്പിയാംകുഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നതും വിതരണം ചെയ്യുന്നതും.
രാവിലെ ചായ, പ്രാതൽ, ഉച്ചഭക്ഷണം, വൈകുന്നേരം ചായ, സ്നാക്, രാത്രി അത്താഴം എന്നിങ്ങനെയാണ് ക്യാന്പിൽ ഭക്ഷണവിതരണം. പാചകം ചെയ്യുന്നതിനുള്ള അരിയും പൊടികളും ഉൾപ്പെടെ സാധനങ്ങൾ സ്പോണ്സർഷിപ്പിലൂടെയാണ് ക്യാന്പിൽ എത്തുന്നത്.
40,000 രൂപയാണ് ക്യാന്പിൽ ഒരുദിവസത്തെ ഭക്ഷണച്ചെലവ് കണക്കാക്കുന്നതെന്ന് എകെസിസി രൂപത പ്രസിഡന്റ് പറഞ്ഞു. എകെസിസി ഗ്ലോബൽ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ജനറൽ സെക്രട്ടറി ജോസുകുട്ടി ജെ. ഒഴുകയിൽ, സെക്രട്ടറിമാരായ ബെന്നി ആന്റണി, രാജേഷ് ജോണ് എന്നിവർ ഇന്നലെ ഗവ.എൽപി സ്കൂളിലേതടക്കം ക്യാന്പുകൾ സന്ദർശിച്ചു.