സൈക്കിളല്ലേ... അതു പിന്നെയും വാങ്ങാല്ലോ!
Sunday, August 4, 2024 1:34 AM IST
അമ്പലപ്പുഴ: സൈക്കിൾ വാങ്ങണമെന്ന മോഹം ഉപേക്ഷിച്ച് ദുരന്തം പെയ്തിറങ്ങിയ വയനാടിനെ ചേർത്തു പിടിക്കാൻ രണ്ട് കുരുന്നുകൾ. സൈക്കിൾ വാങ്ങാനായി കുടുക്കകളിൽ സൂക്ഷിച്ച സമ്പാദ്യം വയനാടിന് സാന്ത്വനമേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു ഈ കുട്ടികൾ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് നിർക്കുന്നം മoത്തിൽ വീട്ടിൽ ജോഷി- ഗീതു ദമ്പതികളുടെ മക്കളായ മിലൻ (10), മേഹൻ (5) എന്നിവരാണ് സമ്പാദ്യക്കുടുക്കയിലെ പണം ദുരിതബാധിതർക്കായി നൽകിയത്.
സ്വന്തമായി സൈക്കിൾ വേണമെന്ന മോഹത്തെത്തുടർന്നാണ് ഇരുവരും കുടുക്കകളിൽ പണം നിക്ഷേപിച്ചു തുടങ്ങിയത്. വയനാട്ടിലെ ദുരന്തവാർത്ത കേട്ടതോടെ സൈക്കിൾ എന്ന സ്വപ്നം ഉപേക്ഷിച്ച് രണ്ട് വർഷമായി സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ഇരുവരും തീരുമാനിച്ചു.
എച്ച്. സലാം എംഎൽഎ സമ്പാദ്യക്കുടുക്കകൾ ഏറ്റുവാങ്ങി. മിലൻ പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിലെ നാലാം ക്ലാസിലും മേഹൻ പുന്നപ്ര കാർമൽ സ്കൂളിൽ എൽകെജി വിദ്യാർഥിയുമാണ്.