വീണുടഞ്ഞല്ലോ സ്വപ്നങ്ങളുടെ കൂട്ട്!
Sunday, August 4, 2024 1:34 AM IST
മേപ്പാടി: എന്റെ കൊട്ടാരം അവന് മറിച്ചിട്ടു...! ക്ലാസ് മുറിയില്‍ പേപ്പര്‍ ഗ്ലാസുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ക്രമത്തില്‍ അടക്കിവച്ച് നിര്‍മിച്ച ‘കൊട്ടാരം’ മറ്റൊരു കുട്ടിയുടെ കൈതട്ടി മറിഞ്ഞു വീണപ്പോഴാണ് നിഷ്കളങ്കമായ കരച്ചിലോടെ നാലാം ക്ലാസുകാരന് സിറാസിന്റെ പരിഭവം.
അമ്മ റമീനയും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം സ്നേഹവായ്പോടെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നമുക്കു മറ്റൊരു കൊട്ടാരമുണ്ടാക്കാം മോനേ... എന്നു പറഞ്ഞ് പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.
അപ്പോഴും സിറാസിന്റെ ഉള്ളു പിടയുന്നത് അവരറിയുന്നുണ്ട്... ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു മേപ്പാടി സെന്റ് ജോസഫ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് ഉല്ലാസത്തിനായി പ്രത്യേകം സജ്ജമാക്കിയ ക്ലാസ് മുറിയിലാണ് സിറാസിനെ കണ്ടുമുട്ടിയത്.
വെള്ളാര്‍മല ജിവിഎച്ച്എസ്എസില്‍ ഇതുപോലൊരു ക്ലാസ് മുറിയില്‍ അവനൊപ്പം പഠിച്ച, കളിച്ച, സ്നേഹിച്ച, ഒരുമിച്ചു നിറമുള്ള കൊച്ചുസ്വപ്നങ്ങളുടെ കൊട്ടാരങ്ങളൊരുക്കാന് കൈകോര്‍ത്ത ആ അഞ്ചു പേര് ഇന്ന് സിറാസിനൊപ്പമില്ല. റസല്‍, ആഷ്മില്‍, ഇഷാന്, നിവേദ്, അബിയത്ത്...!! വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ലോകത്തേക്ക് അവരെ ഇരുളെടുത്തു മറഞ്ഞു.
സഹപാഠികളായ അഞ്ചു പേര് ഉരുള്‍പൊട്ടലില്‍ നഷ്ടമായതിന്റെ സങ്കടം അടക്കിവയ്ക്കാന്‍ ഈ നാലാം ക്ലാസുകാരന് നന്നേ പാടുപെടുന്നുണ്ട്. തനിക്കേറെ പ്രിയപ്പെട്ടവരായിരുന്നു അവരെന്നു സിറാസ്.
നിവേദിന്റെ അഛന് ഓടിക്കുന്ന ജീപ്പിലായിരുന്നു സിറാസിന്റെയും നിവേദിന്റെയും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകള്‍. മനോഹരമായ ചൂരല്‍മലയുടെ ചരിവുകളിലൂടെയുള്ള യാത്ര, ക്ലാസ് മുറികളും പുറത്തുമുള്ള സൗഹൃദനിമിഷങ്ങള്‍ എല്ലാം അവരെ അത്രമേല്‍ പ്രിയപ്പെട്ടവരാക്കി. നിവേദിന്റെ അഛനും ഉരുള്‍പൊട്ടലില്‍ മരിച്ചു.