മുല്ലപ്പെരിയാർ : പുതിയ ഡാമിനായി യോഗം വിളിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി
Sunday, August 4, 2024 1:34 AM IST
കോട്ടയം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിച്ച് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ് കേരളം, തമിഴ്നാട് സർക്കാരുകളുടെ യോഗം വിളിച്ചുകൂട്ടി തീരുമാനം എടുക്കണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചർച്ച നടത്തി അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന തീവ്രമഴയും ദുരന്തങ്ങളും പതിവായിരിക്കെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക എന്നത് അതീവ ഗൗരവത്തോടുകൂടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണേണ്ടിയിരിക്കുന്നു എന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.