കെസിബിസി സമ്മേളനം നാളെ മുതൽ
Sunday, August 4, 2024 1:34 AM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും.
പ്രകൃതിദുരന്തമുണ്ടായ വയനാട് ജില്ലയിലെ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്നിവിടങ്ങളിലെ പുനരധിവാസം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഒന്‍പത് വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. റവ. ഡോ. മാത്യു കക്കാട്ടുപള്ളിലാണു ധ്യാനം നയിക്കുന്നത്. ഒന്‍പതിന് ഉച്ചകഴിഞ്ഞ് സമ്മേളനത്തിന്റെ രണ്ടാമത്തെ സെഷൻ നടക്കും.
കെസിബിസി സമ്മേളനത്തിനു മുന്നോടിയായി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
‘കേരളത്തിലെ വൈദിക രൂപീകരണ പരിപാടിയുടെ നവീകരണം - വെല്ലുവിളികളും വാഗ്ദാനങ്ങളും ഉപായങ്ങളും’ എന്ന വിഷയത്തിൽ തൃശൂര്‍ മേരിമാത സെമിനാരി അധ്യാപകരായ റവ. ഡോ. സൈജോ തൈക്കാട്ടിലും റവ. ഡോ. സജി കണയാങ്കലും പ്രബന്ധം അവതരിപ്പിക്കും.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ദൈവശാസ്ത്ര കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, ബിഷപ് മാര്‍ തോമസ് തറയില്‍, ജോസഫ് ജൂഡ്, സിസ്റ്റര്‍ ഡോ. ആര്‍ദ്ര എന്നിവര്‍ പ്രസംഗിക്കും.
മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന് സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ പങ്കെടുക്കും.