മണ്ണിടിച്ചിൽ: കണ്ണൂർ-ബംഗളൂരു എക്സ്പ്രസ് ഉൾപ്പെടെ 12 ട്രെയിനുകൾ റദ്ദാക്കി
Sunday, August 4, 2024 1:34 AM IST
കണ്ണൂർ: ബംഗളൂരു ഹാസനിലെ സകലേഷ്പുര ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ബംഗളൂരു വഴിയുള്ള 12 ട്രെയിനുകളുടെ യാത്ര റദ്ദാക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്തു.
മംഗളൂരു വഴിയുള്ള കെഎസ്ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511) റദ്ദാക്കിയത് നാളെ വരെ നീട്ടി. കണ്ണൂരിൽനിന്ന് മംഗളൂരു വഴിയുള്ള കണ്ണൂർ-ബംഗളൂരു എക്സ്പ്രസ് (16512) റദ്ദാക്കിയത് ഈ മാസം ആറുവരെ നീട്ടി.
കാർവാർ-ബംഗളൂരു എക്സ്പ്രസും (16596) യാത്ര ആറുവരെ അവസാനിപ്പിച്ചു. കൂടാതെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന മറ്റ് ഒന്പത് ട്രെയിനുകളും രണ്ടു ദിവസത്തെ യാത്ര റദ്ദാക്കിയിട്ടുണ്ട്.
എടകുമേറി-കടകരവള്ളി സ്റ്റേഷനുകൾക്കിടയിൽ ഇക്കഴിഞ്ഞ ജൂലൈ 26 രാത്രിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ പൂർത്തിയാകാത്തതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.