കോടതി മാറ്റാനുള്ള ശ്രമം ; വാളയാർ കേസ് അട്ടിമറിക്കാനെന്ന്
Sunday, August 4, 2024 1:34 AM IST
പാലക്കാട്: 2017 മുതൽ പാലക്കാട് കോടതിയിൽ നടന്നുവരുന്ന വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്കു മാറ്റാനുള്ള നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു സമരസമിതി ആരോപിച്ചു. ഈ കേസിൽ സിബിഐ ആദ്യം നൽകിയ കുറ്റപത്രം പാലക്കാട് പോക്സോ കോടതി കടുത്ത വിമർശനങ്ങളോടെ തള്ളിയിരുന്നു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് സിബിഐ ചെയ്തതെന്നാണ് അന്നു പോക്സോ കോടതി നിരീക്ഷിച്ചത്. ഇക്കാര്യം സൂചിപ്പിക്കാതെയാണ് സിബിഐ കോടതിയിലേക്കു മാറ്റാനുള്ള ഹർജി ഹൈക്കോടതിയിൽ നൽകിയത്.
ചില ഉത്തരവുകൾ കൊണ്ടുവന്ന് കോടതിമാറ്റത്തിനുവേണ്ടി സിബിഐ വാദിക്കുന്നത് ദുരൂഹലക്ഷ്യങ്ങളോടെയാണ്. പ്രത്യേക പരിശീലനം നേടിയ ജഡ്ജിമാരാണ് പോക്സോ കേസുകൾ കേൾക്കേണ്ടത് എന്നതിനാലാണ് ഇത്തരം കേസുകൾ ആ കോടതികളിൽതന്നെ വിചാരണ നടത്തണം എന്നു നിയമം അനുശാസിക്കുന്നത്. സിബിഐ കോടതിയിലേക്കു കേസ് മാറ്റുകവഴി നീതി നിഷേധത്തിനു കാരണമാകുമെന്നു സമരസമിതി ചൂണ്ടിക്കാട്ടി.