വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ ഭീഷണി; നൂറോളം കുടുംബങ്ങളെ മാറ്റി
Saturday, August 3, 2024 2:03 AM IST
വിലങ്ങാട്: അതിശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന വിലങ്ങാട് കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി കോളനികളിലെ കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചു.
കോളനികളിലെ നൂറോളം കുടുംബങ്ങളെയാണു ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയത്. ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശം ഒറ്റപ്പെട്ടിരുന്നു.
വിലങ്ങാടുനിന്ന് കോളനികളിലേക്കുള്ള പ്രധാന റോഡിലെ റബ്ബർതോട്ടങ്ങളിൽ കൂറ്റൻ ഉരുൾ പൊട്ടി ഒലിച്ചിറങ്ങിയ നിലയിലാണ്. ഈ ഭാഗങ്ങളിൽ റോഡ് തകർന്നുതരിപ്പണമായി. റോഡിൽ ഒലിച്ചെത്തിയ കൂറ്റൻ പാറകളും മണ്ണും ഹിറ്റാച്ചിയും മറ്റും ഉപയോഗിച്ചു മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഏക്കർകണക്കിനു പറമ്പുകളിലെ റബർ മരങ്ങളും കുത്തിയൊലിച്ച് ദുരന്ത ഭൂമിയായി പ്രദേശം മാറിയിട്ടുണ്ട്. 25 ലധികം ചെറുതും വലുതുമായ ഉരുൾപൊട്ടലാണ് കോളനികളോടു ചേർന്ന് മാത്രമുണ്ടായത്. കാർഷിക വിളകളും കടകൾ, പാലം എല്ലാം ഒലിച്ചുപോയ നിലയിലാണ്.
കോളനികളിലെ ജനങ്ങളെ പ്രധാന പാതയിലൂടെ പുറംലോകത്തെത്തിക്കാനുള്ള മുച്ചങ്കയം പാലം തകർന്നുകിടക്കുകയാണ്. പുഴ ഗതിമാറി ഒഴുകി പാലത്തിനോടു ചേർന്നുള്ള കട പൂർണമായി ഒഴുകിപ്പോയി.
പാലം തകർന്നതിനാൽ പന്നിയേരി, കുറ്റല്ലൂർ, പറക്കാട് കോളനികളും - പാലൂർ മാടാഞ്ചേരി വിലങ്ങാട് മേഖലയുമായുള്ള ബന്ധം ഇല്ലാതായിട്ടുണ്ട്. ഈ ഭാഗങ്ങളിലെ കുടുംബങ്ങൾ അധികവും കണ്ണൂർ മേഖലയിലേക്കാണു മാറിയത്.
അധികൃതർ മുന്നറിയിപ്പു നൽകിയതോടെ വനത്തിലൂടെയാണു കണ്ണൂർ കോളയാട് ഭാഗത്തേക്ക് എത്തിയത്. പാലം തകർന്നതോടെ മരത്തടികൾ കെട്ടി താത്കാലിക സംവിധാനം ഒരുക്കിയാണു പലരെയും പുഴ കടത്തി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലേക്കും മാറ്റിയത്.
വൈദ്യുതി ബന്ധം താറുമാറായിട്ട് മൂന്നു ദിവസം പിന്നിട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാൻ തീവ്രശ്രമം തുടങ്ങിയിട്ടുണ്ട്.