പുഞ്ചിരി മാഞ്ഞ് പുഞ്ചിരിമട്ടം
Saturday, August 3, 2024 2:03 AM IST
കൽപ്പറ്റ: മുണ്ടക്കൈ മലമുകളിലെ പുഞ്ചിരിമട്ടത്ത് ഇനി പുഞ്ചിരിയില്ല. പുഞ്ചിരിമട്ടത്തും താഴെയുള്ള മുണ്ടക്കൈയിലും ചൂൽമലയിലും പുഞ്ചിരി മാഞ്ഞു.
ദിവസങ്ങൾ മുന്പുവരെ പ്രകൃതി കാഴ്ചയുടെ നിറവു പകർന്ന ഈ പ്രദേശങ്ങളിൽ കദനം കട്ടപിടിച്ചു കിടക്കുകയാണ്. മലമുകളിലെ കൊടുംകാട്ടിൽനിന്ന് ഉഗ്രശേഷിയിൽ പൊട്ടിയൊഴുകിയ പ്രളയജലം അനേകം ഹെക്ടർ ഭൂപ്രദേശത്തെയാണ് മണ്ണിനിടിയിലാക്കിയത്.
ഏലവും കാപ്പിയും തേയിലയും വിളയുന്ന വൻകിട തോട്ടങ്ങൾക്കടുത്തുള്ള പ്രദേശത്തുകൂടിയാണ് ഉരുൾവെള്ളം മുന്നിലുള്ളലതല്ലാം തകർത്തെറിഞ്ഞു പാഞ്ഞത്. ഉരുൾപൊട്ടിയ രാവ് പകലിനു വഴിമാറിയപ്പോൾ പുഞ്ചിരിമട്ടത്ത് 13 വീടുകളാണ് അവശേഷിച്ചത്. ബാക്കിയുള്ളത് ഉരുൾവെള്ളം മുക്കി. ദുരന്തസാധ്യത മുന്നിൽക്കണ്ട് ആളുകൾ മാറിയതിനാൽ ആൾനാശം ഒഴിവായി.
മുണ്ടക്കൈ അങ്ങാടി അപ്പാടെ ഉരുൾവെള്ളമെടുത്തു. അങ്കണവാടിയും അന്പലവും ഏതാനും വീടുകളുമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ആൾത്താമസമുള്ള ആറ് എസ്റ്റേറ്റ് പാടികളും കഥാവശേഷമായി. മുണ്ടക്കൈയിൽ എത്രപേരെ മരണമെടുത്തു എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
വീടുസഹിതം മണ്ണിൽ പുതഞ്ഞ് മൃതിയടഞ്ഞവർക്കായുള്ള തെരച്ചിൽ ഇന്നലെയാണ് ഇവിടെ ഊർജിതമായത്. മുണ്ടക്കൈയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ചൂരൽമല പാലവും റോഡും ഉരുൾപൊട്ടലിൽ തകർന്നത് രക്ഷാപ്രവർത്തകർക്ക് സന്നാഹങ്ങളുമായി അവിടെ കുതിച്ചെത്തുന്നതിനു തടസമായി.
സൈന്യം കഴിഞ്ഞ ദിവസമാണ് ചൂരൽമലയിൽനിന്നു മുണ്ടക്കൈ ഭാഗത്തേക്കു കടക്കുന്നതിന് താത്കാലിക നടപ്പാലവും പിന്നാലെ ബെയ്ലി പാലവും നിർമിച്ചത്. ചൂരൽമലയെയും ഉരുൾവെള്ളം തൂത്തെറിഞ്ഞു.
മേപ്പാടി പഞ്ചായത്തിലെ 11, 12, 13 വാർഡുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ചൂരൽമലയുമായി എത്ര വീടുകൾ പൂർണമായി തകർന്നുവെന്നതിന്റെ കൃത്യമായ കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
മൂന്നു വാർഡുകളിലുമായി 297 പാർപ്പിടങ്ങൾ മണ്ണുമൂടിയെന്നാണ് പ്രാദേശിക ജനപ്രതിനിധികൾ പറയുന്നത്.