നാലാം ദിവസം ജീവിതത്തിലേക്ക് നാലു പേർ
Saturday, August 3, 2024 2:03 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നാലാം ദിവസം ജീവിതത്തിലേക്ക് കാലെടുത്തുവച്ചത് നാല് പേർ. ദുരന്ത ഭൂമിക്കു സമീപം പടവെട്ടിക്കുന്നിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയ ഒരു കുടുംബത്തിലെ നാലു പേരെയാണ് സൈന്യം ഇന്നലെ രക്ഷിച്ചത്.
ജോണി, ജോമോൾ, ഏബ്രഹാം, ക്രിസ്റ്റി എന്നിവരാണ് വീട്ടിൽ കുടുങ്ങിയത്. ജോമോളുടെ കാലിനു ചെറിയ പരിക്കുണ്ട്. ഏറെ നേരത്തെ ശ്രമഫലമായാണ് ഇവരെ പുറത്തെത്തിച്ചത്.
""ഈ ആംബുലൻസിൽ ആരാ...''
കൽപ്പറ്റ: ഈ ആംബുലൻസിൽ ആരാ... പേര് അറിയുവോ... മൃതദേഹവുമായി എത്തുന്ന ആംബുലൻസിലുള്ളവരോട് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ ഉള്ളുരുകി ചോദിക്കുന്പോൾ കണ്ടുനിൽക്കുന്നവരുടെ കരൾ തകർന്നു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരാണ് ഹൃദയവേദനയമുമായി ആംബുലൻസുകൾ എത്തുന്പോൾ ഓടിയടുക്കുന്നത്. ഇനിയും കണ്ടെത്താത്ത ഉറ്റവർ ജീവിച്ചിരിപ്പുണ്ടാകും എന്ന പ്രതീക്ഷ രക്ഷപ്പെട്ടവർക്കു മങ്ങിത്തുടങ്ങി. മണ്ണിനടിയിലോ വീടുകൾക്കുള്ളിലോ അകപ്പെട്ടവരെ കണ്ടെത്തിയോ എന്ന് അറിയാത്തതിനാൽ ഓരോ ആംബുലൻസ് എത്തുന്പോഴും കാണാതായ പ്രിയപ്പെട്ടവരെ തെരയുകയാണ് ദുരന്തത്തെ അതിജീവിച്ചവർ.