പോസ്റ്റ്മോർട്ടത്തിന് 200 അംഗ സംഘം
Saturday, August 3, 2024 2:03 AM IST
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നടന്നതിനു പിന്നാലെ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികളും ഇടതടവില്ലാതെ തുടരുന്നു. ദുരന്തം നടന്ന അന്നുമുതലാണ് ചൂരൽമല, മുണ്ടക്കൈ സ്വദേശികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ ആരംഭിച്ചത്.
ഇരുനൂറോളം മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തത്. നൂറിലധികം ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു. ഇരുനൂറോളം പേരടങ്ങുന്നതാണ് പോസ്റ്റ്മോർട്ടം നടത്തുന്ന സംഘം.
വയനാട്ടിലെ ഡോക്ടർമാക്കു പുറമേ കോഴിക്കോട്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലെ ഡോക്ടർമാരും സംഘത്തിലുണ്ട്. ദുരന്തഭൂമിയിൽനിന്നെത്തുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒട്ടുംവൈകാതെതന്നെ ഇവർ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കി അധികാരികൾക്ക് കൈമാറും.
വിശ്രമമോ ഇടവേളയോ ഇല്ലാതെ നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾ എപ്പോൾ അവസാനിക്കുമെന്നുപോലും ഇവർക്ക് നിശ്ചയമില്ല.