ഉരുൾ പൊട്ടിയത് 1,983 മീറ്റർ ഉയരത്തിലെ മലത്തലപ്പിൽ
Saturday, August 3, 2024 2:03 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സർവനാശം വിതച്ച ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽനിന്ന് 1,983 മീറ്റർ ഉയരത്തിലുള്ള മലത്തലപ്പിൽ.
ചൂരൽമലയിൽനിന്ന് അഞ്ച് കിലോമീറ്റർ ആകാശദൂരത്തിൽ സമുദ്രനിരപ്പിൽനിന്ന് 1,145 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടിയ പുഞ്ചിരിമട്ടം ചോലവനമെന്ന് വയനാട് ജില്ലാ മണ്ണുസംരക്ഷണ മുൻ ഓഫീസർ പി.യു. ദാസ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനിടെ പെയ്ത അതിശക്തമായ മഴ ഉരുൾപൊട്ടലിനു കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലമുടികളായ വെള്ളരിമല, എളന്പിലേരിമല എന്നിവ മുണ്ടക്കൈ മലയുടെ ഇടതും വലതുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പടിഞ്ഞാറൻ ചരിവ് ഇരുവഴിഞ്ഞിപ്പുഴയുടെയും കിഴക്കൻ ചരിവ് കള്ളാടിപ്പുഴയുടെയും നീരൊഴുക്കു പ്രദേശമാണ്. ഇവ രണ്ടും ചാലിയാറിലാണ് എത്തുന്നത്.
മഴവെള്ളമിറങ്ങി കുതിർന്ന മലത്തലപ്പ് പുറംതള്ളിയ വെള്ളമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും കുത്തിയൊഴുകിയത്. ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനത്തിനു ചുറ്റും നിബിഡവനമാണ്. മലയിൽനിന്നുള്ള തോടിന് ചരിവും നീളവും കൂടുതലുള്ളത് ആഘാതം വർധിപ്പിച്ചു.
150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശം
ചാലിയാർ പുഴയ്ക്ക് വയനാട്ടിൽ 150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുണ്ട്. മുണ്ടക്കൈ, പുത്തുമല, ചൂരൽമല, കള്ളാടി, അട്ടമല, കടൂർ പ്രദേശങ്ങൾ ഇതിൽപ്പെടും. ഉരുൾ പൊട്ടിയ മലത്തലപ്പിലും സമീപത്തെ മലമടക്കിലും ഉദ്ഭവിക്കുന്ന അരുവികൾ ചേർന്ന പുന്നപ്പുഴ ചൂരൽമല വഴി ഒഴുകി കള്ളാടിപ്പുഴയിലും തുടർന്ന് മീനാക്ഷിപ്പുഴയുമായി ചേർന്ന് ചോലാടിപ്പുഴയിലും എത്തിയാണ് ചാലിയാറിലേക്ക് പ്രവഹിക്കുന്നത്.
467 ഹെക്ടറാണ് മുണ്ടക്കൈ തോടിന്റെ വൃഷ്ടിപ്രദേശം. തോട് വെള്ളരിമല സ്കൂളിന് ഒരു കിലോമീറ്റർ മുകളിലാണ് 863 ഹെക്ടർ വൃഷ്ടിപ്രദേശത്തുനിന്നു വെള്ളം ഒഴുകിവരുന്ന തോടുമായി ചേരുന്നത്. ഇവിടെയുണ്ടായ അതിശക്തമായ വെള്ളക്കുത്താണ് പുഴ ഗതി മാറി പുഴയോരത്തും സമീപത്തുമുള്ള അനേകം വീടും വിദ്യാലയവും ചൂരൽമല അങ്ങാടിയും തകർത്തെറിയുകയും ഒരു പ്രദേശംതന്നെ ഇല്ലാതാക്കുകയും ചെയ്തത്.
മുണ്ടക്കൈ വനത്തിനു താഴെ തോട്ടങ്ങൾ
മുണ്ടക്കൈ വനഭാഗത്തിനു താഴെ കാപ്പി, ഏലം തോട്ടങ്ങളും മറ്റു ചരിവുകളിൽ തേയിലത്തോട്ടങ്ങളുമാണ്. ഉരുളൻപാറ നിറഞ്ഞ തോടിന് പലയിടങ്ങളിലും ആഴം കുറവായതിനാൽ കാലവർഷങ്ങളിൽ കരകവിയുന്നത് സാധാരണയാണ്. പുത്തുമല, ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ സംഭവിച്ച പ്രകൃതിദുരന്തങ്ങൾക്ക് കാലവർഷത്തിലെ മഴയുടെ സ്വഭാവം നിർണായക ഘടകമായിട്ടുണ്ട്.
ഒരു ഘനമീറ്റർ മണ്ണിന് രണ്ട് ടണ് ഭാരം
കളിമണ്ണു കലർന്ന കറുത്ത ലാറ്ററൈറ്റ് മണ്ണാണ് മുണ്ടക്കൈയിലേത്. മണ്ണിനകത്ത് ചെറുസുഷിരങ്ങൾ ധാരാളമുള്ളതിനാൽ ജലാഗിരണം കൂടുതലായിരിക്കും. തീവ്രമഴ പെയ്യുന്പോഴുള്ള അതിമർദത്തിൽ മണ്ണിൽ സംഭരിച്ച വെള്ളം അതിവേഗം താഴേക്ക് തള്ളപ്പെടും. അതുവഴി താഴെയുള്ള ഉറച്ച പ്രതലത്തിൽനിന്നു മേൽമണ്ണിന് സ്ഥാനഭ്രംശം സംഭവിക്കും. ഇത്തരത്തിലുള്ള പ്രതിഭാസമാണ് മുണ്ടക്കൈയിൽ സംഭവിച്ചത്.