ബെയ്ലി പാലത്തിനു പിന്നിലെ പെൺകരുത്ത് മേജർ സീത ഷെൽക്കെ
Saturday, August 3, 2024 2:03 AM IST
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ ബെയ്ലി പാലം നിർമാണത്തിനു നേതൃത്വം നല്കിയ മേജർ സീത അശോക് ഷെൽക്കെയ്ക്കു നന്ദി പറയുകയാണ് മേപ്പാടി നിവാസികൾ.
സൈനികസംഘത്തിലെ ഏക വനിതയാണ് മേജർ സീത. ബംഗളൂരുവിലെ മദ്രാസ് എൻജിനിയർ ഗ്രൂപ്പിലെ(എംഇജി) 144 അംഗ സംഘമാണ് ബെയ്ലി പാലം നിർമിച്ചത്. മദ്രാസ് സാപ്പേഴ്സ് എന്നും ഇവർ അറിയപ്പെടുന്നു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ സ്വദേശിനിയാണ് മേജർ സീത അശോക് ഷെൽക്കെ. 31 മണിക്കൂർ അക്ഷീണം പ്രവർത്തിച്ചാണു സീതയുടെ നേതൃത്വത്തിലുള്ള സൈനികർ പാലം നിർമാണം പൂർത്തിയാക്കിയത്. “സൈനികസംഘത്തിലെ ഏക വനിതയാണെന്നുള്ള കാര്യം ഞാൻ കണക്കിലെടുക്കുന്നില്ല. ഞാനൊരു പട്ടാളക്കാരിയാണ്.
പാലം നിർമിച്ച ടീമിലെ അംഗമായതിൽ അങ്ങേയറ്റം അഭിമാനമുണ്ട്. അത്യന്തം വെല്ലുവളി നിറഞ്ഞ ദൗത്യമാണു പൂർത്തിയായത്. തദ്ദേശ സ്ഥാപന അധികൃതർ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, പ്രദേശവാസികൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സന്നദ്ധ പ്രവർത്തകർ എന്നിവർക്കു നന്ദി പറയുന്നു’’—മേജർ സീത പറഞ്ഞു.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ സീത, സർവീസ് സെലക്ഷൻ ബോർഡിന്റെ(എസ്എസ്ബി) പരീക്ഷയെഴുതിയാണു സൈന്യത്തിൽ ചേർന്നത്. സൈന്യത്തിൽ ചേരുകയെന്നതായിരുന്നു സ്വപ്നമെന്നും അവർ പറഞ്ഞു.