അമ്മമാരുടെ നേതൃത്വം കരുതലും കരുത്തുമുള്ള ശുശ്രൂഷയാകണം: മാര്‍ തട്ടില്‍
Saturday, August 3, 2024 12:42 AM IST
കൊച്ചി: അമ്മമാരുടെ നേതൃത്വം കരുതലും കരുത്തുമുള്ള ശുശ്രൂഷയാകണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ ജനറല്‍ ബോഡി യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമ്മമാര്‍ കുടുംബത്തിന് സംരക്ഷണമാകുന്നതിനോടൊപ്പംതന്നെ സഭയിലും സമൂഹത്തിലും രാഷ്ട്രീയമേഖലയിലും കരുതലോടും കരുത്തോടുംകൂടി പ്രവര്‍ത്തിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ബിഷപ് ഡെലിഗേറ്റ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപ ജോര്‍ജ് ‘സ്ത്രീശക്തീകരണം’എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ രൂപതകള്‍ക്ക് റിയാദ് മാതൃവേദി സ്പോണ്സര് ചെയ്ത വീല്‍ചെയറുകള്‍ ആതുരശുശ്രൂഷയ്ക്കായി വിതരണം ചെയ്തു.
മികച്ച രൂപത പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡും ‘വചനമുത്തുകള്‍’ മത്സരത്തില്‍ വിജയികളായവര്‍ക്ക് മെമന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു. സിസ്റ്റര്‍ ജീസ, സൗമ്യ സേവ്യർ, ഗ്രേസി ജേക്കബ്, ഡിംപിള്‍ ജോസ്, മഞ്ജു ജോസ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി. സമ്മേളനത്തില്‍ സീറോമലബാര്‍ സഭയുടെ ലോകമെമ്പാടുമുള്ള രൂപതകളില്‍നിന്നായി 155 പ്രതിനിധികള്‍ പങ്കെടുത്തു.