മഞ്ഞച്ചീളിക്കാര് ചോദിക്കുന്നു... ഇനി ഞങ്ങള്‍ എങ്ങോട്ടു പോകും?
Saturday, August 3, 2024 12:42 AM IST
വാണിമേല്‍: “എങ്ങനെ ഇനിയിവിടെ ജീവിക്കും. മരണം മുന്നില്‍ കണ്ട് എങ്ങനെ ഉറക്കംവരും. ആത്മഹത്യാപരമായിരിക്കും മഞ്ഞച്ചീളിയിലെ ജീവിതം” -വിലങ്ങാട് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഭവനരഹിതനായ ജോണി പാണ്ട്യാംപറമ്പില് ചോദിക്കുന്നു.
ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒറ്റയടിക്കു നഷ്ടപ്പെട്ട ജോണിയും കുടുംബവും മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി പാരിഷ്ഹാളിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണുള്ളത്.
ഉടുതുണിക്കു മറുതുണിയില്ലാത്ത എല്ലാം നഷ്ടപ്പെട്ടവരാണ് ഇവര്‍. വീടും വീട്ടുസാധനങ്ങളുമെല്ലാം ഉരുള്‍ കൊണ്ടുപോയി. ഭാഗ്യംകൊണ്ടു ജീവന് കിട്ടിയതു മാത്രമാണ് ആശ്വാസം. ദുതിതാശ്വാസ കേന്ദ്രത്തില്‍നിന്ന് എവിടേക്കുപോകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മഞ്ഞച്ചീളിയിലെ അവസ്ഥ അത്രയും ഭീകരമാണ്.
അടിച്ചിപ്പാറയ്ക്കു മുകളില്‍ ഉരുള്‍പൊട്ടിയാണ് രണ്ടു കിലോമീറ്റര്‍ താഴെ താമസിക്കുന്നവരുടെ 13 വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. ഏഴു വീടുകള്‍ തകര്‍ന്നുകിടക്കുന്നു.
അടിച്ചിപ്പാറയില്‍ ഉരുള്‍പൊട്ടി രണ്ടുഭാഗത്തുകൂടിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിനു രണ്ടിനുമിടയ്ക്ക് 25 വീട്ടുകാരുണ്ട്. ഇവരാണു ഭീതിയുടെ മുനയിലുള്ളത്. അടിച്ചിപ്പാറയില്നിന്ന് ഇപ്പോഴും കുത്തൊഴുക്കായി മലവെള്ളം ഒഴുകിവരുന്നുണ്ട്. കനത്ത മഴ പെയ്താല്‍ ഇടിഞ്ഞുകിടക്കുന്ന മണ്ണും കല്ലുമെല്ലാം താഴേക്ക് ഒഴുകിവരും.
കറുകപ്പള്ളില്‍ ത്രേസ്യാമ്മ ഇഗ്നേഷ്യസും ഉരുള്‍പൊട്ടലിന്റെ ദുരന്തം അനുഭവിക്കുന്നവരാണ്. ഇവരുടെ വീടും ഉരുളെടുത്തു. ഇവരുടെ 25 സെന്റ് സ്ഥലമാണ് മലവെള്ളപ്പാച്ചിലില്‍ കൊണ്ടുപോയത്. ഇനി അവിടേക്കു തിരിച്ചുവന്നാല്‍ എന്തായിരിക്കും ഗതിയെന്ന ആശങ്കയാണ് അവരുടെ മുഖത്ത്. മഞ്ഞച്ചീളിയിലെ ലോഡിംഗ് തൊഴിലാളിയായ ടോമി പാലോളിലും ഭീതിയുടെ ആശങ്ക പങ്കുവയ്ക്കുന്നു.
ടോമിയുടെ വീട്ടില്‍ മലവെള്ളം കയറി ഉപയോഗശൂന്യമായി. വീടിന്റെ രണ്ടുഭാഗത്തുകൂടിയും മലവെള്ളപ്പാച്ചിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിജു കറുകപ്പള്ളിലിന്റെ വീട്ടില്‍ വിവരമറിഞ്ഞ് ഒത്തുകൂടിയതിനാലാണ് ജീവന് കിട്ടിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.