ആധാരമില്ല, ആധാര്‍ കാര്‍ഡുമില്ല; എല്ലാം മണ്ണിനടിയില്‍
Saturday, August 3, 2024 12:42 AM IST
വിലങ്ങാട്: വിലങ്ങാട് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീടുകള്‍ ഒലിച്ചുപോയ കുടുംബങ്ങള്‍ക്ക് എല്ലാ രേഖകളും നഷ്ടപ്പെട്ടു. ഭൂമിയുടെ ആധാരവും അടിയാധാരവും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡുമെല്ലാം ഉരുള്‍ കൊണ്ടുപോയി. തിരിച്ചറിയാനുള്ള രേഖകളൊന്നും ഇവരുടെ കൈവശം അവശേഷിക്കുന്നില്ല. ആശങ്കയുടെ നിഴലില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുകയാണിവര്‍.
പത്തും പതിനഞ്ചും സെന്റ് ഭൂമിയുള്ള പാവപ്പെട്ട കര്‍ഷകരാണ് വീടുകള്‍ നഷ്ടപ്പെട്ടവെരല്ലാം. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായാണ് ഉരുള്‍ വന്നതെന്നതിനാല്‍ രേഖകള്‍ സുരക്ഷിതമായി മാറ്റാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല.
ധരിച്ച വസ്ത്രങ്ങളുമായി ജീവന് രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു വീട്ടുകാര്‍. അതുകൊണ്ടുതന്നെ ഒന്നുമെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. രേഖകള്‍ക്കു പുറമേ സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
പാസ്പോര്‍ട്ട് അടക്കം നഷ്ടപ്പെട്ടവര്‍ ഉണ്ട്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ വീടിനൊപ്പം നഷ്ടപ്പെട്ട ഈ രേഖകന്‍ എല്ലാം ഉണ്ടാക്കിയെടുക്കുകയാണ് ഇവര്‍ നേരിടുന്ന വെല്ലുവിളി. സര്‍ക്കാര്‍ സംവിധാനം മുന്‍കൈയെടുത്ത് ഇവര്‍ക്കു രേഖകള്‍ ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ജോണി പാണ്ട്യംപറമ്പിലിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. ആധാരവും ഫോണും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം ഒലിച്ചുപോയി. മകള്‍ക്കു സൗദിയില്‍ ജോലിക്കു പേകാന്‍ വീസ ലഭിച്ചിരിക്കുകയായിരുന്നു. ഇവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള എല്ലാ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടു. നന്തിക്കാട്ട് ജോസഫ് മാത്യുവിന്റെ വീട് ഒലിച്ചുപോയപ്പോള്‍ പഴ്സും ഫോണും പണവും എല്ലാം മണ്ണിനടിയിലായി. തോര്‍ത്തുമുണ്ടുപോലും അവശേിച്ചില്ല.
ഇത് ഇവരുടെ മാത്രം അവസ്ഥയല്ല. ദുരന്തം കൊണ്ടുപോയ വീട്ടുകാരുടെയെല്ലാം അവസ്ഥ ഇതാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുന്ന അധികൃതരോടും ഉദ്യോഗസ്ഥരോടുമെല്ലാം ഇവര്‍ സങ്കടങ്ങള്‍ അറിയിക്കുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ട കാര്യവും അവതരിപ്പിക്കുന്നുണ്ട്.