മാവോയിസ്റ്റ് കബനീദളത്തിന്റെ ചിറകരിഞ്ഞ് പോലീസ്
Saturday, August 3, 2024 12:42 AM IST
ഇരിട്ടി: കണ്ണൂർ, വയനാട് ജില്ലകളിലെ വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പും മലബാറിലെ പ്രധാന വിഭാഗവുമായ കബനീദളത്തിന്റെ ചിറകരിഞ്ഞ് പോലീസ്.
ആലപ്പുഴയിൽ കബനീദളത്തിന്റെ ദക്ഷിണ മേഖലാ കമാൻഡർ സി.പി. മൊയ്തീൻകൂടി പിടിയിലായതോടെ കഴിഞ്ഞ ദിവസം കാടിറങ്ങിയ സംഘത്തിൽ പിടിയിലാകാൻ അവശേഷിക്കുന്നത് തമിഴ്നാട്ടുകാരനായ സന്തോഷ് മാത്രമാണ്.
സന്തോഷിനായി പോലീസ് തമിഴ്നാട്ടിലെ എല്ലാ സ്ഥലങ്ങളിലും ശക്തമായ പരിശോധന തുടരുകയാണ്. സന്തോഷ് കർണാടകയിലെ സംഘത്തിനൊപ്പം ചേർന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
കർണാടകയിലെ സുബ്രഹ്മണ്യം ഭാഗത്ത് പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. കർണാടകയിലെ പുതിയ കീഴടങ്ങൽ പോളിസി പ്രകാരം സംഘം കീഴടങ്ങാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
പോലീസിനു വഴിത്തിരിവായത് ഞെട്ടിത്തോടിലെ വിവരങ്ങൾ
അയ്യൻകുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സംഭവസ്ഥലത്തുനിന്നു പോലീസിനു ലഭിച്ച വിവരങ്ങളാണു നിർണായകമായത്. അന്നു ലഭിച്ച രേഖകളും ആയുധങ്ങളും സംബന്ധിച്ച വിവരങ്ങൾ ഒന്നും പോലീസ് വെളിയിൽ വിട്ടിരുന്നില്ല.
മാവോയിസ്റ്റ് സംഘത്തിന്റെ നീക്കങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ കാര്യങ്ങളാണു പോലീസ് കണ്ടെടുത്തത്. മൊബൈൽ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാത്ത സംഘത്തെ പോലീസ് കൃത്യമായി പിന്തുടർന്നിരുന്നതായാണ് വിവരം.
വനമേഖലയിൽ മഴ ശക്തമായതോടെ സംഘം കാടുവിട്ട് വെളിയിലെത്തിയത് പോലീസ് കൃത്യമായി മനസിലാക്കുകയും പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ആദ്യം പിടിയിലായ മനോജും സോമനും അന്വേഷണത്തോട് കാര്യമായി സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന.
വിക്രം ഗൗഡയുടെ നേതൃത്വത്തിൽ കർണാടകയിൽനിന്നുള്ള സംഘം കർണാടകയിൽ ഒതുങ്ങിയതും കബനീദളത്തിന്റെ ശക്തി ചോരാൻ ഇടയാക്കി.
ഇതോടെ ഇവിടെ കബനീദളത്തിന്റെ പ്രവർത്തനം നാലു പേരിലേക്ക് ഒതുങ്ങിയതും മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. നിരവധി രാജ്യദ്രോഹ കേസുകൾ നിലവിലുള്ള മൊയ്തീനെ തെളിവെടുപ്പിനായി അയ്യൻകുന്ന്, ആറളം മേഖലകളിൽ എത്തിക്കും.
എന്നാൽ, ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ എവിടെയാണ് ഒളിപ്പിച്ചതെന്നു കണ്ടെത്താൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല.