വന്ദേ മെട്രോ ട്രയൽ റൺ ഇന്ന്
Saturday, August 3, 2024 12:42 AM IST
കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ ട്രയൽ റൺ ഇന്നു നടക്കും. ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെയാണ് പരീക്ഷണ ഓട്ടം.
രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷയ്ക്കു വകയുണ്ട്. സംസ്ഥാനത്ത് 10 റൂട്ടുകളിൽ വന്ദേ മെട്രോകൾ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നതായാണ് വിവരം.
ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് ഇന്നു രാവിലെ 9.30ന് ട്രയൽ റൺ ആരംഭിക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം 10.10ന് വില്ലിവാക്കം സ്റ്റേഷനിൽ നിന്ന് കയറും.
തുടർന്ന് 10.15ന് അവിടുന്ന് പുറപ്പെടുന്ന പരീക്ഷണവണ്ടി 11.15ന് കാട്പാടി സ്റ്റേഷനിൽ എത്തും. തിരികെ ഉച്ചയ്ക്ക് 12.15ന് കാട്പാടിയിൽനിന്നു പുറപ്പെട്ട് ഉച്ചകഴിഞ്ഞ് രണ്ട് ചെന്നൈ ബീച്ച് സ്റ്റേഷനിൽ എത്തുന്ന രീതിയിലാണ് ട്രയൽ റൺ ക്രമീകരിച്ചിട്ടുള്ളത്.