ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
ജൂലൈ 30നുതന്നെ ആരോഗ്യ വകുപ്പ് ജില്ലയിൽ മാനസികാരോഗ്യ ദുരന്തനിവാരണ ടീം രൂപീകരിച്ചിരുന്നു. മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ജില്ലയിൽ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ മാനസികാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
ആരോഗ്യവകുപ്പ് പ്രത്യേകമായി നൽകുന്ന ഐഡി കാർഡുള്ളവർക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങൾ ഈ ടീം ഉറപ്പാക്കുന്നു.
സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.