നാഷണൽ സർവീസ് സ്കീം വയനാട്ടിൽ 150 വീടുകൾ നിർമിച്ചു നൽകും: മന്ത്രി ബിന്ദു
Saturday, August 3, 2024 12:42 AM IST
തൃശൂർ: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 150 കുടുംബങ്ങൾക്കു നാഷണൽ സർവീസ് സ്കീം സർക്കാരിനൊപ്പം ചേർന്നു വീടുകൾ പണിതു നൽകുമെന്നു മന്ത്രി ആർ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണു വീടുകളുടെ നിർമാണം ഏറ്റെടുക്കുക. കാലിക്കട്ട്, എംജി, കണ്ണൂർ, കേരള, സാങ്കേതിക, ആരോഗ്യ, ശ്രീശങ്കര സർവകലാശാലകളിലെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സാങ്കേതികവിദ്യാഭ്യാസ വകുപ്പ്, ഐടിഐ തുടങ്ങിയവയിലെയും എൻഎസ്എസ് സെല്ലുകളുടെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകളും എൻഎസ്എസ് മുൻ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരും സംസ്ഥാന ഓഫീസർമാരും ദൗത്യത്തിൽ പങ്കാളികളാകും.
ദുരന്തബാധിതർക്കു വിദഗ്ധ കൗൺസലിംഗ്, വിദ്യാർഥികൾക്കായി ബാക്ക് ടു സ്കൂൾ - ബാക്ക് ടു കോളജ് കാന്പയിൻ തുടങ്ങിയ കൂടുതൽ സമാശ്വാസപ്രവർത്തനങ്ങൾ ഏറ്റെടുക്കും. ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ നൽകും.
ആരോഗ്യസർവകലാശാല എൻഎസ്എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കും. പോളിടെക്നിക് കോളജുകൾ, എൻജിനിയറിംഗ് കോളജുകൾ, ഐടിഐകൾ എന്നിവയിലെ എൻഎസ്എസ് ടീമുകളുടെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചർ എന്നിവ ഒരുക്കിനല്കും. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികളും ചെയ്തുനൽകും.
നിലവിൽ ജില്ലാ ഭരണകൂടത്തോടൊപ്പം അഞ്ച് കേരള ബറ്റാലിയൻ എൻസിസി വയനാടിന്റെ കേഡറ്റുകളും എൻസിസിയിലെ മിലിട്ടറി ഓഫീസർമാരും കർമനിരതരാണെന്നും മന്ത്രി വ്യക്തമാക്കി.