ദുരന്തത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹൈക്കോടതി
Saturday, August 3, 2024 12:42 AM IST
കൊച്ചി: വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ഹൈക്കോടതി ഫുള്‍കോര്‍ട്ട് റഫറന്‍സില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി. നഷ്ടപ്പെട്ട ഓരോ ജീവിതവും അവരുടെ കുടുംബത്തിനു മാത്രമല്ല, ഈ സമൂഹത്തിനാകെ വിലപ്പെട്ടതായിരുന്നുവെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ.മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
ജീവന് പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സൈനികര്‍ മുതല്‍ പ്രാദേശിക അധികാരികള്‍ വരെയുള്ളവര്‍ പ്രകടിപ്പിച്ചത് മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയ മാതൃകയാണ്. ദുരന്തത്തിന് ഇരകളായവര്ക്കായുള്ള അനുശോചനം വാക്കുകളില്‍ ഒതുക്കാനാകില്ല.
അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് സെക്രട്ടറി എന്നിവരും പ്രസംഗിച്ചു. രണ്ടു മിനിറ്റ് മൗനാചരണവും ഉണ്ടായിരുന്നു.