വാട്ടർ അഥോറിറ്റി ഗാർഹിക ഉപഭോക്താക്കളുടെ ചോർച്ചാ ആനുകൂല്യം പുതുക്കി നിശ്ചയിച്ചു
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: കേരള വാട്ടർ അഥോറിറ്റി, ഗാർഹിക ഉപഭോക്താക്കൾക്കു വാട്ടർ മീറ്ററിനു ശേഷം പൈപ്പുകളിലുണ്ടാകുന്ന അറിയപ്പെടാത്ത ചോർച്ചകൾക്ക് (ഹിഡൻ ലീക്ക്) നൽകി വരുന്ന ചോർച്ചാ ആനുകൂല്യം (ലീക്ക് ബെനഫിറ്റ്) പുതുക്കി നിശ്ചയിച്ചു.
ചോർച്ച മൂലം ഉണ്ടാകുന്ന 50 കിലോലിറ്ററിനു മുകളിൽ വരുന്ന ഓരോ കിലോലിറ്റർ ഉപഭോഗത്തിനും വാട്ടർ ചാർജ് നിരക്കിന്റെ 50 ശതമാനം ഇളവായി നൽകും.
മുന്പ് ഇതു 50 കിലോലിറ്ററിനു മുകളിൽ വരുന്ന ഓരോ കിലോലിറ്റർ ഉപഭോഗത്തിനും 20 രൂപ സൗജന്യം എന്ന രീതിയിലായിരുന്നു.
ചോർച്ച മൂലം വാട്ടർ ചാർജിന് അനുസൃതമായി സീവറേജ് ചാർജിൽ വർധനയുണ്ടാകുന്ന ഉപഭോക്താക്കൾക്ക് ചോർച്ചാ കാലയളവിനു മുന്പുള്ള മാസത്തെ സീവറേജ് ചാർജോ അല്ലെങ്കിൽ ചോർച്ച കാലയളവിനു മുന്പുള്ള ആറു മാസത്തെ ജല ഉപഭോഗത്തിന്റെ ശരാശരി പ്രകാരമുള്ള സീവറേജ് ചാർജോ ഏതാണോ കൂടുതൽ അത് ഈടാക്കും. ചോർച്ച ആനുകൂല്യം നൽകുന്നതിനുള്ള പരമാവധി കാലയളവ് ആറു മാസമായിരിക്കും.