മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗം മലപ്പുറം പാണ്ടിക്കാട് വളരാട് ചെറുകപ്പള്ളി വീട്ടിൽ സി.പി. മൊയ്തീനെ (49) കേരള പോലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തുവച്ച് അറസ്റ്റ് ചെയ്തു.
കൊല്ലത്തുനിന്ന് തൃശൂരിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. നക്സൽബാരി പ്രവർത്തനങ്ങൾക്കിടയിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെ ഇയാളുടെ വലതുകൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. നിലവിൽ കേരളത്തിന്റെ ചുമതലയുള്ള മാവോയിസ്റ്റ് നേതാവാണ് മൊയ്തീൻ.
കണ്ണൂർ ജില്ലയിലെ അന്പായത്തോട് ജംഗ്ഷനിൽ മൊയ്തീൻ ഉൾപ്പെടെ നാലു പ്രതികൾ തോക്കുമായി വന്ന് നിരോധിത സംഘടനയുടെ പ്രവർത്തനം നടത്തിയ കേസിലാണ് അറസ്റ്റ്.
2014 മുതൽ വിവിധ കേസുകളിൽപ്പെട്ട് ഒളിവിലായ സി.പി. മൊയ്തീൻ നിലവിൽ 36 കേസുകളിൽ പ്രതിയാണ്.