മുണ്ടക്കൈ - ചൂരല്‍മല ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് 289 മൃതദേഹങ്ങൾ
Friday, August 2, 2024 3:47 AM IST
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് 289 മൃതദേഹങ്ങൾ. മുണ്ടക്കൈയില്‍ ഉരുള്‍വെള്ളം ഒഴുകിയ പ്രദേശത്തുനിന്ന് ഇന്നലെ 12 മൃതദേഹങ്ങൾ ലഭിച്ചു.
189 മരണമാണ് ഇതിനകം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 85 പുരുഷന്മാരും 76 സ്ത്രീകളും 27 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്-പെണ് വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങൾ ഉൾപ്പെടെ 279 മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കി.
ചാലിയാറില്‍ കണ്ടെത്തിയതില്‍ 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളും മേപ്പാടിയില്‍ എത്തിച്ചു. അവകാശികള്‍ എത്താത്ത മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പ്രോട്ടോകോള്‍ തയാറാക്കിയിട്ടുണ്ട്.
234 പേരെ ദുരന്തപ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചു. 142 പേരെ ചികിത്സയ്ക്കുശേഷം ക്യാമ്പുകളിലേക്കു മാറ്റി. ദുരന്തബാധിതരില്‍ ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയതായാണ് ഔദ്യോഗിക അറിയിപ്പ്.
ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളില്‍ 578 കുടുംബങ്ങളിലെ 2,328 പേര് കഴിയുന്നുണ്ട്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാണാതായ 240ഓളം പേരില്‍ 29 കുട്ടികള്‍ ഉള്‍പ്പെടുമെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ തകർത്തു.
മരിച്ചവരുടെ എണ്ണം ഗണ്യമായി ഉയരുമെന്ന അനുമാനത്തിലാണ് ജില്ലാ ഭരണകൂടം. മുണ്ടക്കൈയില്‍ ഉരുള്‍വെള്ളം ഒഴുകിയ ഭാഗങ്ങളില്‍ മുകള്ഭാഗം മാത്രം കാണാവുന്ന വിധത്തിലാണ് പല വീടുകളും. ചെറിയ വീടുകള്‍ അപ്പാടെ ഒലിച്ചുപോകുകയോ മണ്ണില്‍ പുതയുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്നവര് കരുതുന്നത്. കൂറ്റന്‍ പാറകളാണ് മലവെള്ളം പാഞ്ഞ പ്രദേശങ്ങളില്‍ അടിഞ്ഞുകിടക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധി ഒഴിവാക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയിലാണ്. ചൂരല്‍മലയില്‍ മുഖ്യമന്തി പിണറായി വിജയന്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സ്പീക്കര്‍ എ.എൻ. ഷംസീര്‍, കെ.സി. വേണുഗോപാല്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ഇന്നലെ എത്തി. ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളിള്‍ സന്ദര്‍ശനം നടത്തി.
ഇന്നലെ ഇങ്ങനെ...
മുണ്ടക്കൈ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാനമായും തെരച്ചിൽ. രാവിലെ ഏഴോടെ സേനാംഗങ്ങളടക്കം മുണ്ടക്കൈയില്‍ എത്തി. കേന്ദ്ര-സംസ്ഥാന സേനാവിഭാഗങ്ങളിലെ 1,809 പേരാണ് തെരച്ചിലിനിറങ്ങിയത്. സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചിൽ.
കേരള പോലീസിന്റെ മൂന്ന് സ്നിഫര്‍ നായകളെ തെരച്ചിലിന് ഉപയോഗപ്പെടുത്തി. ചൂരല്‍മല കടന്ന് മുണ്ടക്കൈ ഭാഗത്തേക്കു നീങ്ങുന്നതിന് കരസേന താത്കാലിക നടപ്പാലം ബുധനാഴ്ച രാത്രി പൂര്‍ത്തിയാക്കിയിരുന്നു.
ഉരുള്‍വെള്ളം ദീര്‍ഘദൂരത്തില്‍ നെടുകെ പിളര്‍ത്തിയ അവസ്ഥയിലാണ് മുണ്ടക്കൈ. ചൂരല്‍മലയില്‍ 190 അടി നീളമുള്ള ബെയ്ലി പാലം നിര്‍മാണം കരസേനയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് ഇന്നലെ വൈകുന്നേരം അഞ്ചോടെ പൂര്‍ത്തിയാക്കി.
ഇന്ന് ഈ പാലത്തിലൂടെ മണ്ണുമാന്തി യന്ത്രങ്ങളടക്കം മുണ്ടക്കൈയില്‍ എത്തിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കും. കനത്ത മഴ ഇന്നലെയും രക്ഷാദൗത്യത്തെ ബാധിച്ചു. പുഞ്ചിരിമട്ടം മേഖലയിലാണ് ശക്തമായി മഴ പെയ്തത്. വൈകുന്നേരത്തോടെ തെരച്ചില്‍ നിര്‍ത്തി സേനാംഗങ്ങളടക്കം പിന്‍വാങ്ങി.