ഉറ്റവരെക്കുറിച്ചുള്ള ചിന്തയില്‍ ഉള്ളുരുകി...
Friday, August 2, 2024 3:47 AM IST
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ മുണ്ടക്കൈയില്‍നിന്നു രക്ഷപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളികളും കുടുംബാംഗങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉറ്റവരെക്കുറിച്ചുള്ള ചിന്തയില്‍ ഉള്ളുരുകി കഴിയുന്നു. കൂട്ടത്തിലും പരിചയത്തിലുമുള്ളതില് എത്രപേര്‍ ബാക്കിയുണ്ടെന്നുപോലും അവര്‍ക്കു തിട്ടമില്ല.
മുണ്ടക്കൈയില്‍ തേയിലത്തോട്ടത്തിലും ഫാക്ടറിയിലും ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ബിഹാർ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇവരില്‍ അധികവും. 200നു മുകളില്‍വരും ഇവരുടെ എണ്ണം.
ജീവിതയാത്രയില്‍ കുടുംബസമേതം എത്തിയതാണ് തൊഴിലാളികളില്‍ ചിലർ. മുണ്ടക്കൈയില്‍ വാടകമുറികളിലും ജീര്‍ണത നേരിടുന്ന ലയങ്ങളിലുമാണ് അതിഥി തൊഴിലാളി കുടുംബങ്ങള്‍ താമസിച്ചിരുന്നത്. ഇവരുടെ സ്കൂള്‍ പ്രായമെത്തിയ മക്കള്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിദ്യാര്‍ഥികളാണ്.
മുണ്ടക്കൈയില്‍ അതിഥി തൊഴിലാളികള്‍ കഴിഞ്ഞിരുന്ന ലയങ്ങള്‍ ഉരുള്‍വെള്ളം കൊണ്ടുപോയി. ഒന്‍പത് ലയങ്ങളാണ് ഉണ്ടായിരുന്നത്.
അര്‍ധരാത്രിക്കുശേഷം ഉരുള്‍പൊട്ടുന്ന ശബ്ദംകേട്ട് താമസസ്ഥലത്തുനിന്നു മക്കളെയും എടുത്ത് കൈയില്‍ കൊള്ളാവുന്നതും പെറുക്കി ഓടിയവരാണ് രക്ഷപ്പെട്ടവരില്‍ അധികവും. ഇതില്‍ ഉള്‍പ്പെടുന്നതാണ് ചുണ്ടേല്‍-മേപ്പാടി റോഡിലെ കോട്ടനാട് ഗവ. എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ബിഹാര്‍ സ്വദേശികൾ. മുതിര്‍ന്നവരും കുട്ടികളും അടക്കം 10 പേരാണിവര്‍.
മുഹമ്മദ്പൂര്പോജാ, ഹാജിപൂര്‍, പാട്ന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവർ. മുണ്ടക്കൈയില്‍നിന്നു ഉരുള്വെള്ളത്തിനു പിടികൊടുക്കാതെ ഓടി ചൂരല്‍മലയിലെത്തിയ ബിഹാര്‍ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും നാട്ടുകാരാണ് സാഹസികമായി പുഴ കടത്തിയത്.
ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്നതില്‍ ഒബിന്ദര് പാസ്വാന് നാൽപതുകാരിയായ ഭാര്യ ഫൂല്കുമാരിയെ നഷ്ടമായി. മുണ്ടക്കൈയില്‍ ഒബിന്ദര് ദമ്പതികളും നാട്ടുകാരായ അരുണ്‍ പാസ്വാന്, വിഗ്നേഷ് പാസ്വാന്, സാധു പാസ്വാന്, രഞ്ജിത്ത് പാസ്വാന് എന്നിവരും തേയില ഫാക്ടറിക്കു പിന്നിലുള്ള കെട്ടിടത്തിലെ മുറികളിലാണ് കഴിഞ്ഞിരുന്നത്. ഇതില്‍ ഫൂല്‍കുമാരിയുടെ മരണം സ്ഥിരീകരിച്ചു. വിഗ്നേഷ്, സാധു, രഞ്ജിത്ത് എന്നിവരെക്കുറിച്ച് ഉരുള്‍പൊട്ടി മൂന്നു ദിവസം കഴിഞ്ഞിട്ടും വിവരമില്ല.
ധര്‍മേന്ദര്‍-ചന്ദാദേവി ദമ്പതികളും മക്കളായ ബിറ്റു, വിദ്യാകുമാരി എന്നിവരും ക്യാമ്പിലുണ്ട്. എട്ടുവയസുള്ള ബിറ്റു ചൂരല്‍മലയിലും ആറു വയസുള്ള വിദ്യാകുമാരി മുണ്ടക്കൈയിലുമാണ് പഠിക്കുന്നത്. ബിഹാറില്‍നിന്നു 15 മാസം മുമ്പാണ് ധര്‍മേന്ദറും കുടുംബവും മുണ്ടക്കൈയില്‍ എത്തിയത്. ദുരന്തത്തില്‍ മരിച്ചതും രക്ഷപ്പെട്ടതുമായ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ വ്യക്തതയായില്ല.
ആവശ്യമുണ്ട് കൗണ്‍സലേഴ്സിനെ
ദുരന്തപ്രദേശങ്ങളിൽ ശേഷിക്കുകയും പരിക്കുകളോടെ രക്ഷപ്പെടുകയും ഉറ്റവരെ നഷ്ടപ്പെടുകയും ദുരന്തത്തിന്റെ ആഘാതങ്ങളിൽ മാനസിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗണ്‍സലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷൻ ആരംഭിച്ച കൗണ്‍സലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തനപരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ (skyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.