സുജാതയ്ക്ക് കാവലായി കാട്ടാന
Friday, August 2, 2024 3:47 AM IST
മേപ്പാടി: മുണ്ടക്കൈയിൽനിന്നു മലവെള്ള പ്പാച്ചിലിൽ കൂറ്റൻ മരങ്ങളും പാറകളും വീടിന്റെ ചുമരുകൾ തകർത്തപ്പോൾ സുജാത നല്ല ഉറക്കത്തിലായിരുന്നു. ഭയങ്കര ശബ്ദം കേട്ട് ഉണർന്ന സുജാത മകൾ സുജിതയെയും വിളിച്ചുണർത്തി രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
വീടിന്റെ ഒരു ഭാഗം തകർന്നിരുന്നു. അവിടെനിന്നു ചെറിയൊരു വിടവിലൂടെ മകളെയും കൂട്ടി പുറത്തിറങ്ങി. തൊട്ടപ്പുറമുള്ള കാപ്പിത്തോട്ടത്തിൽ തണുത്ത് വിറങ്ങലിച്ച് നിന്നപ്പോൾ മുന്നിൽ കാട്ടാന. ഒന്നും ചെയ്യാനാവാത്ത അവസ്ഥ.
കണ്ണീരൊഴുക്കി ആനയ്ക്ക് മുന്നിൽ തൊഴുകൈകളോടെ നിന്നു. പിന്നെ സംഭവിച്ചതെല്ലാം സ്വപ്നം പോലെയാണെന്നാണ് സുജാത പറയുന്നത്. ശാന്തനായനിന്ന ആന നേരം പുലരുവോളം അവർക്ക് കാവലായി അരികിൽ നിലയുറപ്പിച്ചു. നേരം പുലർന്നതിനുശേഷമാണ് ആന മടങ്ങിയതെന്ന് സുജാത പറഞ്ഞു.
35 കൊല്ലം മുണ്ടക്കൈ എസ്റ്റേറ്റിൽ തൊഴിലാളിയായിരുന്നു സുജാത. ഇപ്പോൾ പിരിഞ്ഞെങ്കിലും ഇവർക്കൊപ്പം ഉണ്ടായിരുന്ന 50 പേരെങ്കിലും ഉരുൾപൊട്ടലിൽ അകപ്പെട്ടെന്നാണ് സുജാത പറയുന്നത്.