ഭാര്യയുടെ പിൻവിളി, ഉണ്ണിമാഷിന് മഹാദുരന്തത്തിൽനിന്ന് രക്ഷ
Friday, August 2, 2024 3:47 AM IST
അമ്പലപ്പുഴ: ഭാര്യയുടെ വാക്ക് വെറും വാക്കായിരുന്നില്ല. ഉണ്ണിയേട്ടന് ഭാര്യ രാജിയുടെ പിൻവിളി നൽകിയത് മഹാദുരന്തത്തിൽ നിന്ന് രക്ഷ. ചൂരൽമല ദുരന്തത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട അധ്യാപകന് ഉണ്ണികൃഷ്ണന്റെ ഭാര്യ രാജിയുടെ വാക്കുകള്‍ ഇടറി.
അമ്പലപ്പുഴ ആമയിട ആഞ്ഞിലിപ്പുരക്കൽ വേലായുധന്റെ മകൻ വി. ഉണ്ണികൃഷ്ണൻ 18 വര്‍ഷമായി വെള്ളാർമല ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ്. ഞായറാഴ്ചയാണ് ഉണ്ണികൃഷ്ണന് നാട്ടിലെത്തുന്നത്. മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിനെത്തിയതാണ്. പിറ്റേന്ന് തിരച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ തടസം നിന്നു. മഴയും കാറ്റും ശക്തമായതോടെ യാത്ര മുടക്കുകയായിരുന്നു.
സ്കൂള്‍ ഇന്‍ചാര്‍ജ് കൂടിയായതിനാല്‍ ജോലിത്തിരക്കുണ്ടെങ്കിലും ഭാര്യയുടെ വാക്കില്‍ യാത്ര വേണ്ടെന്നുവച്ചു. ചൊവ്വാഴ്ച രാവിലെ തിരിക്കാനിരിക്കെയാണ് ഒന്നരയോടെ സഹപ്രവര്‍ത്തകര്‍ ദുരന്തവാര്‍ത്ത അറിയിക്കുന്നത്. പിന്നീട് ഒന്നും ചിന്തിച്ചില്ല ചൊവ്വാഴ്ച പുലർച്ചെയുള്ള ഏറനാട് എക്സ്പ്രസിൽ ദുരന്തനാട്ടിലേക്ക് യാത്ര തിരിച്ചു. താൻ പഠിപ്പിച്ച കുട്ടികളും നാട്ടിലേക്ക് പോരുന്നതിന് തൊട്ടുമുമ്പ് കണ്ട നാട്ടുകാരും എവിടെയാണെന്ന ആശങ്കയിലാണ് ഉണ്ണികൃഷ്ണൻ.
മറ്റ് അധ്യാപകർക്കൊപ്പം സ്കൂളിന് സമീപത്തുള്ള ഒരു വീട്ടിൽ വാടകയ്ക്കാണ് ഉണ്ണികൃഷ്ണൻ താമസിച്ചിരുന്നത്. താമസിച്ചിരുന്ന വീടിന് ഒന്നും സംഭവച്ചില്ലെങ്കിലും എന്നും കണ്ടും കേട്ടും ഒപ്പം ഉണ്ടായിരുന്നവര്‍ എവിടെയാണെന്ന് പോലും അറിയില്ല. മേപ്പാടിയില്‍ എത്തിയശേഷം വീട്ടിലേക്ക് വിളിച്ച് ഭാര്യയോടെ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്.
കുട്ടികളുടെ രക്ഷിതാക്കളുടെ നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും എല്ലാവരെയും കിട്ടിയില്ല. മേപ്പാടിയിലെ ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചില്‍ നടത്തുകയാണ്. തന്നെ സ്നേഹിച്ച നാട്ടുകാരെയും താൻ പഠിപ്പിച്ച കുട്ടികളെയും കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലാണ് ഇടറുന്ന ഹൃദയവുമായി വെള്ളാർമല നാടിന്റെ ഉണ്ണിമാഷ്.