ബെയ്ലി പാലം പൂർത്തിയായി
Friday, August 2, 2024 3:47 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ നടന്നിട്ട് എഴുപത്തിരണ്ടാം മണിക്കൂറിലും ആംബുലൻസുകളുടെ സൈറണുകൾ നിലയ്ക്കുന്നില്ല.
അര മണിക്കൂർ ഇടവിട്ട് മുണ്ടക്കൈയിൽനിന്നെത്തുന്ന മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രാത്രി വൈകിയും എത്തിക്കൊണ്ടിരിക്കുന്പോൾ ദുരന്തവ്യാപ്തി കൂടിവരികയാണ്.
ചൂരൽമല ടൗണിൽനിന്നു സൈന്യം നിർമിച്ച ബെയ്ലി പാലത്തിലൂടെ ഇന്നലെ രാവിലെ മുതൽ ഹിറ്റാച്ചികൾ മുണ്ടക്കൈയിലേക്ക് പോയിത്തുടങ്ങി. ഇതോടെ മണ്ണിനടിയിൽ കുടുങ്ങിപ്പോയവരുടെ കുറെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചു.
ഇവിടെ ഒരു ടൗൺ ഉണ്ടായിരുന്നുവെന്നു പറയാൻ ഒന്നും ബാക്കിവയ്ക്കാതെയാണ് ജലബോംബ് മുണ്ടക്കൈയെ കശക്കിയെറിഞ്ഞത്. വലിയ കല്ലുകളും കൂറ്റൻ മരക്കഷണങ്ങളുമാണ് മുണ്ടക്കൈയിൽ അവശേഷിക്കുന്നത്.
ടൗണിനോടു ചേർന്നുള്ള വീടുകളെല്ലാം മണ്ണിനടിയിൽ തന്നെയാണ്. ടൗണിൽനിന്ന് ഒരു കിലോമീറ്റർ അകലയുള്ള വീടുകളെല്ലാം മണ്ണിനടിയിലായിരിക്കുന്നു. നൂറുകണക്കിന് വീടുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. രക്ഷാപ്രവർത്തനം ദിവസങ്ങൾ നീണ്ടേക്കാം. വാഹനങ്ങൾ സഞ്ചരിക്കാനുള്ള റോഡുകൾ ഇന്നലെ രാവിലെ മുതൽ സജ്ജമാക്കി.
ഹിറ്റാച്ചികൾ എത്തിയതോടെയാണ് രക്ഷാപ്രവർത്തനം സജീവമായത്. സൈന്യവും ആയിരത്തോളം രക്ഷാപ്രവർത്തകരും ചേർന്നും ഹിറ്റാച്ചികൾ പ്രവർത്തിപ്പിച്ചുമാണ് രക്ഷാപ്രവർത്തനം.
കേരള പോലീസിന്റെയും സൈന്യത്തിന്റെയും പ്രത്യേക ഡോഗ് സ്ക്വാഡുകളും തെരച്ചിലിനായി ഉണ്ടായിരുന്നു. ജീവനുള്ളവർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാനും മൃതദേഹങ്ങൾ കണ്ടുപിടിക്കാനുമായിരുന്നു ഡോഗ് സ്ക്വാഡിന്റെ പ്രവർത്തനം.
മുണ്ടക്കൈയോട് ചേർന്നുള്ള പാടിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നു. സമീപത്തെ തേയില പ്ലാന്റേഷനിലെ തൊഴിലാളികളാണ് ഇവർ. ഇവർ താമസിച്ചിരുന്ന പാടികളും ഉരുൾപൊട്ടലിൽ അപ്രത്യക്ഷമായി. ഇവരുടെ മൃതദേഹങ്ങൾക്കായും തെരച്ചിൽ തുടരുകയാണ്.
പാലം തകർന്നതിനാൽ ഹിറ്റാച്ചി പോലെയുള്ള യന്ത്രങ്ങളുടെ സഹായത്തോടെ തെരച്ചിൽ നടത്താൻ ആദ്യഘട്ടത്തിൽ സാധിച്ചിരുന്നില്ല. നാട്ടുകാരായ ചിലർ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ ആദ്യം തെരച്ചിൽ. ഇരുനില കെട്ടിടങ്ങളടക്കം മണ്ണിൽ പൂണ്ടുപോയിരുന്നു.
കിട്ടുന്ന മൃതദേഹങ്ങൾ സ്ട്രെച്ചറിൽ കിടത്തി അര കിലോമീറ്ററോളം നടന്ന് സന്നദ്ധ പ്രവർത്തകർ ജീപ്പിലെത്തിക്കും. ജീപ്പ് നേരേ ചൂരൽമല ടൗണിലേക്ക്. അവിടെനിന്നു മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്. എന്നാൽ, ബെയ്ലി പാലം പൂർത്തിയായതോടെ ആംബുലൻസുകൾക്ക് ഇന്ന് മുണ്ടക്കൈയിൽ എത്താൻ സാധിക്കും.