ഉൾവനത്തിൽനിന്ന് മൃതദേഹങ്ങൾ ചുമന്നത് 16 കിലോമീറ്റർ
Friday, August 2, 2024 3:47 AM IST
എടക്കര (മലപ്പുറം): മുണ്ടേരി തലപ്പാലിയില്നിന്നു പതിനാറ് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ ചുമന്നെത്തിച്ച് രക്ഷാപ്രവർത്തകർ. രാവിലെ ആറിന് പുറപ്പെട്ട സംഘം ഉച്ചയോടെയാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി ശേഖരിച്ചത്.
പതിനാല് മൃതദേഹ ഭാഗങ്ങളാണ് പരപ്പന്പാറയില്നിന്നു കിട്ടിയത്. ഇവിടെനിന്നു മൃതദേഹങ്ങള്‍ ചുമന്ന് കൊണ്ടുവരിക അസാധ്യമായതിനാല്‍ എയര്‍ ലിഫ്റ്റിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ഇവര്‍ ആരാഞ്ഞിരുന്നു.
എന്നാല്‍ കൊടും വനമായതിനാല്‍ എയര്‍ ലിഫ്റ്റിംഗ് പ്രായോഗികമല്ലെന്ന് വിലയിരുത്തി. ഇതേത്തുടര്‍ന്ന് അഗ്നിരക്ഷാ സേനയും ഇആര്‍എഫും പതിനാറ് കിലോമീറ്റര്‍ ദുര്‍ഘട വനപാതയിലൂടെ മൃതദേഹങ്ങള്‍ ചുമന്ന് പിസികെയുടെ റബര്‍ തോട്ടംവരെ എത്തിച്ചു.
പിന്നീട് ട്രാക്ടറില്‍ കയറ്റി വാണിയംപുഴ ഊരിന് സമീപം എത്തിക്കുകയും ഡിങ്കി ബോട്ടില്‍ ചാലിയാര്‍ പുഴ കടത്തുകയുമായിരുന്നു. രാത്രി എട്ടോടെയാണ് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയ 15 മൃതദേഹഭാഗങ്ങള്‍ കൂടി മൂന്നാം ദിനത്തിലെ തെരച്ചിലില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. രാവിലെ പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചുവട്ടില്‍ അടിഞ്ഞ മരങ്ങള്‍ നീക്കം ചെയ്യുമ്പോഴാണ് അരയ്ക്ക് മുകളിലേക്കുള്ള പുരുഷന്റെ മൃതദേഹഭാഗം കണ്ടെത്തിയത്.
ഇവിടെനിന്ന് ഒരു ശരീരഭാഗംകൂടി കണ്ടെടുത്തു. വയനാട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി വനമായ പരപ്പന്‍പാറയ്ക്ക് നാലു കിലോമീറ്റര്‍ മുകളില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തു നിന്നുമാണ് ഉച്ചയോടെ മറ്റു മൃതദേഹങ്ങള്‍ ലഭിച്ചത്.