ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം: രാഹുൽ ഗാന്ധി
Friday, August 2, 2024 3:47 AM IST
മേപ്പാടി: വയനാട്ടിൽ സംഭവിച്ചതു ദേശീയ ദുരന്തമെന്നു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണിത്.
അച്ഛൻ മരിച്ച കുട്ടികളെ കണ്ടു. അവർ അനുഭവിക്കുന്ന വേദന തനിക്കറിയാം. താനും ഒരിക്കൽ ആ വേദനയിലൂടെ കടന്നുപോയ വ്യക്തിയാണ്. ഇന്ന് മേപ്പാടിയിൽ ആയിരക്കണക്കിന് പേരാണ് ആ വേദന അനുഭവിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശവാസികളുടെ അവസ്ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാന്പുകളിൽ കണ്ടു. അവരോട് എന്താണു പറയേണ്ടതെന്ന് അറിയില്ല.
ദുരന്തമുഖത്തുള്ള ആരോഗ്യ പ്രവർത്തകരെയും രക്ഷാപ്രവർത്തകരെയും ഓർത്ത് അഭിമാനമുണ്ട്. മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് തന്റെയും ആവശ്യം. അതു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുൽ വ്യക്തമാക്കി.
സഹോദരന് തോന്നിയ അതേ വേദനയാണ് തനിക്കുമുണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. അതിദാരുണമായ സംഭവമാണിത്. നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ ജനങ്ങളുടെ വിഷമം. എല്ലാവർക്കും ആവശ്യമായ പിന്തുണ നൽകും. എല്ലാവരും ഒറ്റക്കെട്ടായി സഹായിക്കാൻ എത്തുന്നു.
എല്ലാവർക്കും സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യണം. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചുപോകണ്ട എന്നാണ് പലരും പറയുന്നത്. അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു.