16 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു
Friday, August 2, 2024 3:47 AM IST
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിന് 16 മണിക്കൂർ മുൻപ് കൽപ്പറ്റ കേന്ദ്രീകരിച്ചുള്ള ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ജില്ലാ ഭരണകൂടത്തെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു.
തിങ്കളാഴ്ച രാവിലെ ഒന്പതിനായിരുന്നു ഇത്. മഴയുടെ അളവ് ശേഖരിക്കുന്ന 200 സ്റ്റേഷനുകളാണ് ഹ്യൂം സെന്ററിന് വയനാട്ടിലുള്ളത്. മുണ്ടക്കൈക്ക് അടുത്തുള്ള പുത്തുമലയിലാണ് ദുരന്തസ്ഥലത്തുനിന്ന് സെന്ററിന്റെ ഏറ്റവും അടുത്തുള്ള വെതർ സ്റ്റേഷൻ. ഞായറാഴ്ച 200 മില്ലിമീറ്റർ മഴയും രാത്രി അധികമായി 130 മില്ലിമീറ്റർ മഴയും ഇവിടെ രേഖപ്പെടുത്തി.
കൂടുതൽ മഴ വന്നാൽ മുണ്ടക്കൈയിൽ അപകടമുണ്ടാകുമെന്നാണ് സെന്റർ മണിക്കൂറുകൾക്കു മുൻപ് മുന്നറിയിപ്പു നൽകിയത്. കേരളത്തിൽ ലാൻഡ്സ്ലിപ് ഹസാർഡ് സോണിന്റെ മൈക്രോ മാപ്പിംഗ് നടന്ന സ്ഥലങ്ങളിലൊന്നാണ് വയനാട്.
2018ലെ പ്രളയത്തിനു ശേഷം ഇവിടെ സർക്കാർ പിന്തുണയോടെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ വൾനറബിലിറ്റി മാപ്പിംഗ് നടന്നിരുന്നു. ഉരുൾപൊട്ടലിന്റെ ചരിത്രമുള്ള പ്രദേശത്തോട് ചേർന്നാണ് ഇപ്പോൾ ദുരന്തമുണ്ടായിരിക്കുന്നത്.