തുടർ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭാ ഉപസമിതി
Friday, August 2, 2024 3:47 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ പ്രവർത്തനങ്ങൾക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവർഗ മന്ത്രി ഒ.ആർ. കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. സ്പെഷൽ ഓഫീസർ സിറാം സാംബശിവ റാവു, ഡോ.എ. കൗശിഗൻ എന്നിവർ സ്പെഷൽ ഓഫീസർമാരായി പ്രവർത്തിക്കും.
ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസോടെയും ഗൗരവം ഉൾക്കൊണ്ടുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. രക്ഷാപ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനാ വിഭാഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിതമായി നടത്തും.
ചൂരൽമലയിൽനിന്നു മുണ്ടക്കൈയിലേക്ക് താത്കാലികമായി നിർമിക്കുന്ന ബെയ്ലി പാലം പൂർത്തിയാകുന്നതോടെ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനാകും. ദൗത്യശ്രമം കാര്യക്ഷമമാക്കാനും സാധിക്കും. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസ പ്രക്രിയ ഫലപ്രദമായി നടപ്പാക്കും.
നിലവിൽ ആളുകളെ ക്യാന്പുകളിൽതന്നെ താമസിപ്പിക്കേണ്ടിവരും. ദുരന്തമേഖലയിൽ അകപ്പെട്ട വിദ്യാർഥികളുടെ പഠനത്തിന് തടസമുണ്ടാകില്ല. വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ താത്കാലിക ക്രമീകരണം ഉണ്ടാക്കും. പിന്നീട് സാധാരണ രീതിയിലുള്ള പഠനക്രമീകരണങ്ങൾ നടത്തും.
ദുരന്തത്തിനിരയായവരിൽ കടുത്ത മാനസികാഘാതം ഏറ്റവരുണ്ട്. ഇവർക്ക് ആവശ്യമായ കൗണ്സലിംഗ് നൽകും. പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നല്ലതുപോലെ ഉണ്ടാവണം. ഉരുൾപൊട്ടലിൽ നിരവധി വളർത്തുമൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. അവയെ കൃത്യമായി സംസ്കരിക്കാൻ നടപടികൾ സ്വീകരിക്കും.
പോസ്റ്റ്മോർട്ടും നടക്കുന്ന ആശുപത്രികളിലേക്ക് ആളുകൾ അനാവശ്യമായി പോകരുത്, ബന്ധുകൾ ഒഴികെയുള്ളവർ അവിടെനിന്നു വിട്ടുനിൽക്കണം. സർട്ടിഫിക്കറ്റ് നഷ്ടമായവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളും കൈക്കെള്ളും. രക്ഷാപ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.