വിറങ്ങലിച്ച് വിലങ്ങാട്; ഭീതിയില്‍ ജനങ്ങള്‍
Friday, August 2, 2024 3:47 AM IST
വിലങ്ങാട്: ഒരു പ്രദേശമാകെ ഉരുളെടുത്ത വിലങ്ങാട് മഞ്ഞച്ചീളിയിലെ ജനങ്ങള്‍ ഭീതിയുടെ നിഴലില്‍. ഏതുസമയത്തും ഇനിയും ഉരുള്‍ പൊട്ടാവുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.
മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി പാരിഷ് ഹാളിലും വിലങ്ങാട് ഹൈസ്കൂളിലുമുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ മനസില്‍ ഭാവിയെക്കുറിച്ചുള്ള ആധിയാണ്. ഇനിയെന്ത് എന്ന ചിന്ത അവരെ അസ്വസ്ഥമാക്കുന്നു. പാരിഷ് ഹാളില്‍ 198 പേര് താമസിക്കുന്നുണ്ട്; വിലങ്ങാട് ഹൈസ്കൂളില്‍ 270 പേരും.
മഞ്ഞച്ചീളിയില്‍ പതിമൂന്നു വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്. ഏഴു വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. വീട് ഒലിച്ചുപോയപ്പോള്‍ സ്ഥലംകൂടിയാണു കൊണ്ടുപോയത് .
വീടുകള്‍ നിന്ന സ്ഥലത്ത് പറക്കൂട്ടങ്ങള്‍ മാത്രമാണുള്ളത്. മിക്കവരുടെയും വീടുനിന്നസ്ഥലം പുഴയായി മാറിക്കഴിഞ്ഞു. ഇനി ഇവിടെ വീടുണ്ടാക്കുക പ്രയാസമാണ്. മഞ്ഞച്ചീളിയില്‍ മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളിയുടെ ഗ്രോട്ടോയും കടകളും ഒലിച്ചുപോയി. വിലങ്ങാട് ടൗണില്‍ നിരവധി കടകള്‍ തകര്‍ന്നു. ഒട്ടേറെ കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ ഉപയോഗശൂന്യമായി.
ഏതാനും വീടുകളില്‍ വെള്ളംകയറി വീട്ടുപകരണങ്ങള്‍ അടക്കം ഒലിച്ചുപോയി.വിലങ്ങാട് പുഴയുടെ തീരത്തെ അമ്പതോളം കടകള്‍ അപകടഭീഷണിയിലാണ്. ഇരുപത്തഞ്ചോളം ഇരുചക്രവാഹനങ്ങളും കാറുകളും ജീപ്പുകളുമെല്ലാം ഒലിച്ചുപോയിട്ടുണ്ട്.
ഏക്കര്‍കണക്കിന് സ്ഥലത്തെ കാര്‍ഷികവിളകള്‍ നശിച്ചു. അഞ്ഞൂറു കോടിയുടെ നാശനഷ്ടമുണ്ടായതായാണു പ്രാഥമിക വിലയിരുത്തല്‍. റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി നാശനഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിച്ചുവരികയാണ്.
മൊകേരി - വിലങ്ങാട് റോഡിലെ പ്രധാന പാലമായ ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗികമായി തകര്‍ന്നു. ഒരു ഭാഗത്തുകൂടെ മാത്രമാണു വാഹനങ്ങള്‍ കടത്തിവിടുന്നത്. ഉരുട്ടി കുന്നില്‍നിന്നുള്ള പുഴയും വിലങ്ങാട് പുഴയും സംഗമിക്കുന്നത് ഈ പാലത്തിന് അടിയിലാണ്.
2022- ലാണ് ലക്ഷങ്ങള്‍ ചെലവിട്ട് ഈ പാലം നിര്‍മിച്ചത്. 2019- ല്‍ ഉരുള്‍ പൊട്ടലില്‍ പഴയ പാലം ഒലിച്ചു പോയിരുന്നു. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണു പുതിയ പാലം വന്നത്. പഴയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിച്ചു നീക്കാത്തതിനാല്‍ വെള്ളത്തിന്റെ സമ്മര്‍ദം കാരണമാണു പുതിയ അപ്രോച്ച് റോഡ് തകര്‍ന്നത്.
മഞ്ഞച്ചീളിയില്നിന്നു രണ്ടു കിലോമീറ്റര്‍ മാറി അടിച്ചിപ്പാറയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിലേറെ സ്ഥലങ്ങളില്‍ പല തവണകളിലായി ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടിയ സ്ഥലത്തുനിന്ന് ഇപ്പോഴും വെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്.
ഇന്നലെ ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗും ഇ.കെ.വിജയന് എം എല്‍ എ യും സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കുത്തൊഴുക്ക് ശക്തിപ്പെട്ട് അവര്‍ കുടുങ്ങിപ്പോയിരുന്നു. പലയിടത്തും പുഴ ഗതി മാറി ഒഴുകി. മലവെള്ളം ഒലിച്ചു വന്നു നാലു കിലോമീറ്റര്‍ താഴെ ഉരുട്ടി പാലംവരെ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളില്‍,വിലങ്ങാട് പള്ളി വികാരി വില്‍സണ്‍ മുട്ടത്തുകുന്നേല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു രംഗത്തുണ്ട്.