വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറന്പിൽ എംപി
Friday, August 2, 2024 3:47 AM IST
വടകര: വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയ്ക്കു പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി ഉറപ്പു നൽകിയതായി ഷാഫി പറന്പിൽ എംപി അറിയിച്ചു. കൽപ്പറ്റയിൽ റവന്യൂവകുപ്പ് മന്ത്രി കെ. രാജനെ കണ്ടാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
വിഷയം ഗൗരവപൂർവം കാണുന്നുവെന്നും ഉടൻ സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചതായി ഷാഫി പറന്പിൽ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ വാസയോഗ്യമാണോ എന്ന് പരിശോധിക്കാനും കേടുപാടുകൾ സംഭവിക്കാത്തവയിൽ താമസം സുരക്ഷിതമാണോ എന്നു ഉറപ്പുവരുത്താനും വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
നാടിനു വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് മാത്യുവിന്റേതെന്നും ഷാഫി പറന്പിൽ പറഞ്ഞു. ഒരു ദുരന്തമുണ്ടായപ്പോൾ സ്വജീവൻ പോലും മറന്ന് ദുരന്ത മേഖലയിലേക്ക് ഓടിയെത്തി.
അദ്ദേഹത്തെ കാണാതായ നിമിഷം മുതൽ ഇതുവരെയും നല്ല വാർത്ത കേൾക്കാൻ ആഗ്രഹിച്ചു. മാത്യുവിന്റെ വിയോഗം പ്രദേശത്തിനാകെ വലിയ നഷ്ടമാണെന്നും ഷാഫി പറന്പിൽ പറഞ്ഞു.