ഇരുട്ടില്‍ മുങ്ങി നാട് ; വെളിച്ചമെത്തിക്കാന്‍ സേവനവുമായി പള്ളിവികാരിയും ഇടവക അംഗങ്ങളും
Friday, August 2, 2024 3:47 AM IST
വിലങ്ങാട്: ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടായപ്പോള്‍ തകര്‍ന്ന വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സേവന പ്രവര്‍ത്തനത്തില്‍ പള്ളി വികാരിയും ഇടവകാംഗങ്ങളും. വാളൂക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. നിഖില്‍ പുത്തന്‍വീട്ടിലും 25 അംഗ സംഘവുമാണ് കഴിഞ്ഞ രണ്ടു ദിവസമായി സജീവമായി രംഗത്തുള്ളത്.
വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് ഇവര്‍. മുറിഞ്ഞ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനും കമ്പി വലിക്കുന്നതിനുമെല്ലാം ഇവര്‍ സജീവമാണ്. ദുരന്തമുണ്ടായ ദിവസം മുതല്‍ കര്‍മനിരതരാണ് ഈ ടീം. പ്രദേശത്ത് ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നവരും ജീവനക്കാരെ സഹായിക്കാന്‍ രംഗത്തുണ്ട്.
ഉരുട്ടി പാലം മുതല്‍ മഞ്ഞച്ചീളി വരെ നൂറിലധികം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. വൈദ്യുത കമ്പികളെല്ലാം പൊട്ടി വീണു. 11 കെവി ലൈനിന്റെ 70 പോസ്റ്റുകളും എല്‍ടി ലൈനിന്റെ മുപ്പതിലേറെ പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
മഞ്ഞച്ചീളി ഭാഗത്ത് രണ്ടു ട്രാന്‍സ്ഫോര്‍മറുകള്‍ ഒഴുകിപ്പോയി. 40 കരാറുകാരുടെ നേതൃത്വത്തില്‍ നിരവധി തൊഴിലാളികളും കെഎസ്ഇബിയുടെ വിവിധ സെക്്ഷനുകളില്‍ ജോലി ചെയ്യുന്നവരും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്.