പുഴ രണ്ടായി മുറിഞ്ഞൊഴുകി; 500 കോടിയുടെ നഷ്ടം
Friday, August 2, 2024 3:47 AM IST
വിലങ്ങാട്: വിലങ്ങാട് മലയോരത്ത് പത്തിലേറെ ഇടങ്ങളിൽ ഉരുൾപൊട്ടിയതുമൂലം ഏകദേശം 500 കോടിയുടെ നാശ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. മയ്യഴിപ്പുഴയുടെ ഉത്ഭവ കേന്ദ്രമായ പുല്ലുവ പുഴ രണ്ടായി മുറിഞ്ഞൊഴുകിയാണു കനത്ത നാശം വിതച്ചത്.
ശക്തമായ മലവെള്ളപ്പാച്ചിലിൽ പല സ്ഥലങ്ങളിലും കൃഷിയിടങ്ങൾ കുത്തിയൊലിച്ചു പോവുകയായിരുന്നു. വടകര എഡിഎം അൻവർ സാദത്താണു നഷ്ടം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
കെഎസ്ഇബിക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. നാശനഷ്ടം സംബന്ധിച്ച വിശദമായ കണക്കുകൾ വിവിധ വകുപ്പുകൾ ശേഖരിച്ചുവരികയാണ്. പുഴയോരത്തെ കർഷകരുടെ വിളകൾ പൂർണമായും നശിച്ചു. മേഖലയിലെ റോഡുകൾ പൂർണമായും തകർന്നു കിടക്കുകയാണ്.
വിലങ്ങാട്-പാനോം റോഡിൽ സെന്റ് ജോർജ് പള്ളിക്കു സമീപമുള്ള പ്രധാന പാതയുടെ പകുതിയോളം പുഴയെടുത്തു.
ജില്ലയുടെ ദുരന്ത നിവാരണ ചുമതല വഹിക്കുന്ന ടി.പി. രാമകൃഷ്ണൻ എംഎൽഎ യുടെ നേതൃത്വത്തിലാണു ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗം വയർലസ് സംവിധാന മൊരുക്കിയാണ് ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.